തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പരിയാരം: തളിപ്പറമ്പ് അടിക്കുംപാറയിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം തലോറ സ്വദേശി ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ 28-ന് രാവിലെ 11 മണിയോടെ തളിപ്പറമ്പ് അടിക്കുംപാറയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ജോലിക്കിടെ അബദ്ധത്തിൽ കടന്നൽക്കൂട് ഇളകി ഗോകുൽദാസിനെ ആക്രമിക്കുകയായിരുന്നു. ആത്മരക്ഷാർത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നലുകൾ പിന്നാലെയെത്തി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.







