സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു .

തളിപ്പറമ്പ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ റെയ്സിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് (റാമ്പ്)പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ചിറവക്കിലെ ഹോട്ടൽ ബാംബൂ ഫ്രഷിൽ നടന്ന പരിപാടിയിൽ 20 ബാങ്കുകളിലെ പ്രതിനിധികളും 100 സംരംഭകരും പങ്കെടുത്തു.തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി . പ്രേംരാജ് അധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.ഐ.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ. സി. അബ്ദുൽ കരീം, താലൂക്ക് വ്യവസായ ഓഫീസർ ടി കെ ലിനീഷ്, വ്യവസായ വികസന ഓഫീസർ എം സുനിൽ എന്നിവർ സംസാരിച്ചു. സംരംഭകർക്ക് ബാങ്ക് വായ്പാ പദ്ധതികളെക്കുറിച്ച് നേരിട്ട് അറിയുന്നതിനും വായ്പാ സംബന്ധമായ സംശയങ്ങൾ ബാങ്ക് പ്രതിനിധികളുമായി ചർച്ച ചെയ്യുന്നതിനും അവസരമൊരുക്കി. വിവിധ സർക്കാർ വ്യവസായ പദ്ധതികൾ, സാമ്പത്തിക സഹായങ്ങൾ, സംരംഭകർക്കുള്ള വായ്പാ സാധ്യതകൾ എന്നിവയും പരിപാടിയിൽ പരിചയപ്പെടുത്തി.ബാങ്കുകളും സംരംഭകരും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വായ്പാ പിന്തുണ ഉറപ്പാക്കുന്നതിനും സംരംഭകത്വ വികസനത്തിനും പരിപാടി സഹായകമായി.






