ചാർജ്ജ് ചെയ്യാൻ വെച്ചലാപ്ടോപ്പ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

Screenshot
പയ്യന്നൂർ:
ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് വീട്ടിൽ തീപിടുത്തം.അന്നൂർ ശാന്തിഗ്രാമിലാണ് സംഭവം. വീട്ടുപകരണങ്ങൾ കത്തിനശിച്ചുവെങ്കിലുംആളപായമില്ല. അന്നൂർ ശാന്തിഗ്രാം – കിസാൻ കൊവ്വൽ റോഡിൽ താമസിക്കുന്ന വി.പി.പ്രസന്നകുമാറിൻ്റെ വീടിനാണ് തീ പിടിച്ചത്.
ചാർജ്ജ് ചെയ്യാനായി വെച്ചിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ വീടിനുള്ളിലെ സോഫ സെറ്റ് പൂർണ്ണമായും കത്തിനശിച്ചു.
വ്യാഴാഴ്ച്ചഉച്ചയ്ക്കാണ് സംഭവം. ഹാളിലെ സോഫയിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച ശേഷം പ്രസന്നകുമാറും ഭാര്യയും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. അപകടസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
അരമണിക്കൂറിന് ശേഷം ഇവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അയൽവാസികളെയും പയ്യന്നൂർഫയർ സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീ പൂർണ്ണമായും അണച്ചു.
തീപിടിത്തത്തിൽ സോഫ സെറ്റ് പൂർണ്ണമായും നശിക്കുകയും വീടിൻ്റെ ചുമരുകൾക്കു വിള്ളലേറ്റിട്ടുമുണ്ട്. വൻ ദുരന്തം ഒഴിവായി.






