യുവാവിനെ കുത്തി പരിക്കേൽപ്പിച്ചതിനു മൂന്നു പേർക്കെതിരെ കേസ്

പയ്യന്നൂർ: മദ്യപിച്ച് വീട്ടിൽ കയറി ബഹളം വെച്ചത് ചോദ്യം ചെയ്ത വിരോധത്തിൽവാടക വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ബ്ലേഡ് പോലുള്ള ആയുധം കൊണ്ട് ചെവിക്കു പിറകിലും മുഖത്തും പരിക്കേൽപ്പിക്കുകയും ജനൽ ഗ്ലാസ് അടിച്ചു പൊളിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ബീഹാർ ഈസ്റ്റ് ചമ്പരൻസിർസിയകല സ്വദേശി സിക്കന്തർഷാ (36) യുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 30 ന് രാത്രി 10.30 മണിക്ക് എടാട്ട് സെൻട്രൽ സ്കൂളിനു സമീപത്ത് പരാതിക്കാരനും കൂടെയുള്ളവരും താമസിച്ചുവരുന്ന വാടക വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ കുഞ്ഞിമംഗലം എടാട്ടെ വിനോദ് എന്നയാളെയാണ് ആക്രമിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







