ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനി ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല; ജപ്പാനിൽ തന്നെ സംസ്കരിക്കും

Screenshot
കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി ദേവികയുടെ മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. ഈ മാസം രണ്ടിന് രാത്രി പത്തരയോടെയാണ് ഗിഫുവിൽ കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനിയായ ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആറുമാസം മുമ്പാണ് ജപ്പാനിൽ നഴ്സിങ് കെയർ വിസയിൽ എത്തിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം ഏജന്റ് മുഖേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് അവിടത്തെ നിയമപ്രകാരം സാധ്യമല്ലെന്ന് ജപ്പാനിൽ നിന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
കുടുംബത്തിന് വേണമെങ്കിൽ ജപ്പാനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആ അവസ്ഥയിലല്ല ഇപ്പോൾ കുടുംബമുള്ളത്. തുടർ നടപടികൾക്ക് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ദേവികയുടെ മൃതദേഹം ജപ്പാനിൽ സംസ്കരിക്കും. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ് വി. ദേവിക. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക.






