താഴെ ചൊവ്വയിൽ റെയിൽവേ മേൽപാലം; സാധ്യതകൾ പരിശോധിക്കാൻ ടി.ഒ. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി

കണ്ണൂർ: താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമ്മാണ സാധ്യതകൾ വിലയിരുത്തുന്നതിനായി അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എയുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. കഴിഞ്ഞ അമ്പത് വർഷമായി പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യമാണിത്. റെയിൽവേ ഗേറ്റ് ഭൂരിഭാഗം സമയവും അടഞ്ഞുകിടക്കുന്നത് താഴെ ചൊവ്വ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിൽ വിശദമായ ഡി.പി.ആർ (DPR) തയ്യാറാക്കുമെന്ന് എം.എൽ.എ അറിയിച്ചു.
മേലെ ചൊവ്വ, തെക്കി ബസാർ, നടാൽ റെയിൽവേ മേൽപ്പാലങ്ങൾ, ഒ.കെ. യു.പി സ്കൂൾ അടിപ്പാത തുടങ്ങിയ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നതതല യോഗം ചേരുകയും, പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ എത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ഇപ്പോൾ സ്ഥലപരിശോധന നടത്തിയത്. എം.എൽ.എയ്ക്കൊപ്പം കൗൺസിലർമാരായ കെ.പി. സീന, സുനില ഇ., മുൻ കൗൺസിലർ പി.കെ. സാജേഷ് കുമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രശാന്ത്, അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് മുന്നാസ്, സി. വിനോദ്, സോമസുന്ദരൻ, എം.കെ. വരുൺ മഹീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.







