കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ ദാരുണാന്ത്യം

Screenshot
ഇരിട്ടി: കുടകിൽ വീരാജ്പേട്ട താലൂക്കിലെ സിദ്ധാപുരക്ക് സമീപം ബഡഗ ബനംഗല ഗ്രാമത്തിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന വിജേഷ് (36), ഭാര്യ പ്രമിത (35), മൂന്നു വയസ്സുകാരിയായ മകൾ ലിയ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ ഇവിടുത്തെ കൊടുംവളവിനു സമീപമുള്ള തടാകത്തിൽ വാഹനം മുങ്ങിയ നിലയിൽ തോട്ടം തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാഹനം പുറത്തെടുത്തപ്പോഴാണ് മൂന്നു പേരെയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപകടം നടന്ന രാത്രിയിൽ പ്രദേശത്ത് കനത്ത മഴയും മൂടൽമഞ്ഞും ഉണ്ടായിരുന്നു. ഇത് കാരണം കാഴ്ച മങ്ങി ദിശതെറ്റി റോഡിൽ നിന്നും കാർ തടാകത്തിലേക്ക് വീണതാകാമെന്നാണ് പോലീസും നാട്ടുകാരും കരുതുന്നത്.







