തടവുകാരനെ മർദ്ദിച്ച സഹതടവുകാരനെതിരെ കേസ്

കണ്ണൂർ: പ്രഭാത ഭക്ഷണത്തിനു കറി കൂടുതൽ കൊടുക്കാത്തതിനാലുള്ള വിരോധത്തിൽ ശിക്ഷാതടവുകാരനെ മർദ്ദിച്ചു വെന്നപരാതിയിൽ സഹതടവുകാരനെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ വയനാട് അമ്പലവയലിലെ പോത്തുകേട്ടി കാരണക്കോളിയിലെ രാമൻകുട്ടി (56) യെയാണ് മർദ്ദിച്ചത്. ഇന്നലെ രാവിലെ 6.40 മണിയോടെ അഞ്ചാം നമ്പർ ബ്ലോക്കിൻ്റെ വരാന്തയിൽ വെച്ച് ശിക്ഷാ തടവുകാരനായ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിക്കുകയും സ്റ്റീൽ ഗ്ലാസ് കൊണ്ട് നെറ്റിക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. പരിക്കേറ്റഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.തുടർന്ന് ടൗൺ പോലീസിൽപരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







