തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കണ്ണൂർ കോർപറേഷനിലേക്ക് ഐ.എൻ.ടി.യു.സി മാർച്ച്

Screenshot
കണ്ണൂർ: കോർപറേഷൻ പരിധിയിൽ തെരുവോര കച്ചവടം നടത്തി ഉപജീവനം പുലർത്തുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കണ്ണൂർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
2014-ൽ മൻമോഹൻ സിംഗ് സർക്കാർ പാസ്സാക്കിയ സ്ട്രീറ്റ് വെണ്ടേഴ്സ് ആക്ട് വിസ്മരിച്ചുകൊണ്ട് കോർപറേഷൻ നടത്തുന്ന തൊഴിലാളിവിരുദ്ധ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു. കുത്തകമുതലാളിമാരായ കച്ചവടക്കാർക്ക് വേണ്ടിയാണ് കോർപറേഷൻ ഭരണസമിതി സത്യപ്രതിജ്ഞാവിരുദ്ധമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോർപറേഷന്റെ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാരുടെ തൊഴിൽ സംരക്ഷിക്കുക, പുതിയ സർവ്വേ നടത്തി നിലവിലുള്ള മുഴുവൻ വഴിയോര കച്ചവടക്കാർക്കും സ്ട്രീറ്റ് വെണ്ടർ കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.
കേരള പ്രദേശ് വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ടി. നിഷാത്ത് സ്വാഗതം പറഞ്ഞു. എം.വി. പ്രേമരാജൻ, യു.കെ. ജലജ, ഷമീർ പള്ളിപ്രം, കെ.സി. ഉല്ലാസൻ, പി. ഇസ്മയിൽ, പി.എ. ഹരി എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പി.കെ. രമേശൻ, എം.എ. ഖാലിദ്, എം. ഹരീന്ദ്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.







