കണ്ണൂർ ബർണശേരിയിൽ ആരാധനാലയത്തിന് നേരെ ആക്രമണം; മദ്രസയിലെ ജനൽ ചില്ലുകൾ തകർത്തു

Screenshot
കണ്ണൂർ: ബർണശേരി മൊഹിയുദ്ധീൻ ജുമാമസ്ജിദിന് നേരെ അക്രമം. കല്ലേറിൽ പള്ളിയുടെ രണ്ട് ജനലുകളുടെ ചില്ലുകൾ തകർന്നു. മദ്രസയിൽ കുട്ടികൾ ക്ലാസ്സിലിരിക്കുമ്പോഴായിരുന്നു സംഭവം. ഭാഗ്യവശാൽ കുട്ടികൾക്ക് പരിക്കില്ല.
പള്ളിയുടെ ഒന്നാം നിലയിലെ മദ്രസയിലെ ജനൽ ഗ്ലാസും രണ്ടാം നിലയിലെ നിസ്കാര മുറിയുടെ ജനൽ ഗ്ലാസുമാണ് തകർന്നത്. കല്ലേറിൽ സൺഷേഡിനും കേടുപാടുകൾ സംഭവിച്ചു. അക്രമത്തിന് ഉപയോഗിച്ച കരിങ്കൽ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും പള്ളി കോമ്പൗണ്ടിൽ ചിതറിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ പള്ളി ഭാരവാഹി ഷൈജൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.







