യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കലക്ടറേറ്റ് മാർച്ച്

Screenshot
കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ തീരുമാനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവർത്തകർ അണിനിരന്നത്.
കരയും കടലും ആകാശവും കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ ബജറ്റ് തീരുമാനം പിൻവലിക്കുക, സർവകലാശാലകളെ ആർ.എസ്.എസിന് വിട്ടുകൊടുക്കുന്ന തീരുമാനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. മാർച്ചിനെ നേരിടാൻ കലക്ടറേറ്റ് പരിസരത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി. ലിജീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം ആശംസിച്ചു. എം.വി. ഷിമ, പി.എം. അഖിൽ, മുഹമ്മദ് സിറാജ്, കെ. അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.







