അശാസ്ത്രീയ മാലിന്യ സംസ്കരണം; ആറളം എടൂർ സെൻമേരീസ് സ്കൂളിന് 15,000 രൂപ പിഴ; ഹരിത പദവി റദ്ദാക്കാൻ നിർദ്ദേശം

ആറളം: അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ചതിന് ആറളം എടൂർ സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂളിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 15,000 രൂപ പിഴ ചുമത്തി. സ്കൂൾ വളപ്പിൽ മാലിന്യം കത്തിക്കുന്നതിനായി അനധികൃതമായി നിർമ്മിച്ച സംവിധാനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരിശോധനയിൽ കണ്ടെത്തിയത്:
ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങൾ സംസ്കരിക്കാനെന്ന പേരിൽ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക നിർമ്മിതിയിലാണ് മാലിന്യം കത്തിച്ചിരുന്നത്. ചിമ്മിനിയോട് സാമ്യമുള്ള രീതിയിൽ മേൽക്കൂര നിർമ്മിച്ച ഇത്തരം രണ്ട് നിർമ്മിതികളാണ് സ്‌ക്വാഡ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പേപ്പർ കപ്പുകൾ തുടങ്ങിയവ കത്തിച്ച നിലയിലാണ് കണ്ടെത്തിയത്.
തുടർനടപടികൾ:
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 15,000 രൂപ പിഴ ചുമത്തിയതിന് പുറമെ, മാലിന്യം കത്തിക്കുന്നതിനായി നിർമ്മിച്ച അനധികൃത നിർമ്മിതികൾ ഉടൻ പൊളിച്ചുമാറ്റാനും സ്കൂളിന് നൽകിയിരുന്ന ‘ഹരിത സ്ഥാപന പദവി’ റദ്ദാക്കാനും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആറളം ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.







