ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി; വേങ്ങാടും കണ്ണൂരിലും മിന്നൽ പരിശോധനയിൽ 20,000 രൂപ പിഴ

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി ഒന്നര ക്വിന്റൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി. വേങ്ങാട് ഗ്രാമപഞ്ചായത്തിലെ തട്ടാരിയിലുള്ള ‘പേപ്പർ പോയിന്റ്’ എന്ന സ്ഥാപനത്തിൽ നിന്നും, കണ്ണൂർ മാർക്കറ്റ് പരിസരത്ത് ക്യാരിബാഗുകൾ കടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്നുമാണ് പ്ലാസ്റ്റിക് ശേഖരം കണ്ടെത്തിയത്.
സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന വേങ്ങാട്ടെ സ്ഥാപനത്തിലെ ഷീറ്റ് കൊണ്ട് നിർമ്മിച്ച രഹസ്യ അറയിൽ നിന്ന് 65 കിലോ പ്ലാസ്റ്റിക് ബാഗുകൾ കണ്ടെത്തി. കണ്ണൂർ നഗരത്തിൽ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന ‘ഷമീൽ ട്രേഡേഴ്സി’ന്റെ ഗുഡ്‌സ് ഓട്ടോയിൽ നിന്ന് 86 കിലോ ബാഗുകളും പിടിച്ചെടുത്തു. രണ്ട് കേസുകളിലുമായി മൊത്തം 20,000 രൂപ പിഴ ചുമത്തി. തുടർനടപടികൾക്കായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ദിബിൽ സി.കെ, ദിനേഷ് കുമാർ ബി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാഫിർ അലി, ഫിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.







