അഴീക്കോട് സ്വദേശിയായ യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

Screenshot
ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആദ്യം മകളെ താഴേക്ക് എറിഞ്ഞ ശേഷം 35-കാരിയായ അമ്മ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാർക്കിങ് നിലകളും ജിംനേഷ്യവും ഉൾപ്പെടെ കണക്കാക്കുമ്പോൾ ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്.
കണ്ണൂര്‍ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആര്‍ഷ അഷിത’യില്‍ ആര്‍ഷ (35), ഏകമകള്‍ റുഹി (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴേക്കാലോടെയായിരുന്നു പ്രവാസി സമൂഹത്തെ ഒന്നടങ്കം നടുക്കിയ ദുരന്തം. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയ ഷാർജ പൊലീസ്, കേസ് ആത്മഹത്യയായി രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഭർത്താവ് കസ്റ്റഡിയിൽ; അന്വേഷണം ഊർജ്ജിതം
സംഭവത്തിൽ ആർഷയുടെ ഭർത്താവ് നിഹിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദമ്പതികൾക്കിടയിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും, തലേദിവസം ഫ്‌ലാറ്റില്‍ കുടുംബവഴക്കുണ്ടായപ്പോള്‍ എന്തിനാണ് പൊലീസ് എത്തിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഏതാനും വര്‍ഷമായി ഭര്‍ത്താവ് നിഹിലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ലാറ്റിലാണ് ആർഷ താമസിച്ചിരുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ഇവർ. അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമന്‍ – ഗീത ദമ്പതികളുടെ മകളാണ് ആര്‍ഷ. പുരുഷോത്തമന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ആര്‍ഷ പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിൽ തന്നെയാണ്. നിഹിലിന്റെ പിതാവും സഹോദരനും കുടുംബവും യു.എ.ഇയിൽ തന്നെയുണ്ട്. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിക്കുന്നത്.
വാഹനാപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.









