ടിക് ടോക് ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് മരിച്ചു

ബംഗളൂരുവില്‍ ടിക് ടോക് ചിത്രീകരണത്തിനിടെ പരിക്കേറ്റ 22കാരന്‍ മരിച്ചു. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. കുമാര്‍ പ്രദേശത്തെ പാട്ടുകാരനും ഡാന്‍സറുമാണ്. കഴിഞ്ഞ മാസം 15ന് ടിക് ടോകില്‍ പ്രദര്‍ശിപ്പിക്കാനായി വായുവില്‍ തലകീഴായി മറിയുന്ന വീഡിയോ ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് യുവാവിന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്.തുടര്‍ന്ന് കുമാര്‍ എട്ട് ദിവസമായി ബംഗളൂരു വിക്ടോറിയ കോളേജില്‍ ചികിത്സയിലായിരുന്നു. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുമാര്‍ അഭ്യാസം ചെയ്യുന്ന വീഡിയോയില്‍ തലക്കുത്തി വീഴുന്നതും കഴുത്ത് മടങ്ങുന്നതും കാണാം. യുവാവ് ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായാല്‍ റിയാലിറ്റി ഷോയിലുള്‍പ്പെടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു

Advertisements

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യത്തെ ബില്‍; മുത്തലാഖ് നിരോധന ബിൽ

17ാം ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ ബില്ലായി മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. 74ന് എതിരെ 186 വോട്ടുകള്‍ക്കാണ് അവതരണാനുമതി നേടിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നില്ല.മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുത്താലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.അതേസമയം, പതിനാറാം ലോക്സഭയേക്കാള്‍ കൂടുതല്‍ അംഗങ്ങളുമായി ബി.ജെ.പി കരുത്തരായ ലോക്സഭയില്‍ മുത്തലാഖ് നിരോധനബില്ല് പാസാവുമെങ്കിലും രാജ്യസഭയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും. പ്രതിപക്ഷം യോജിച്ച്‌ എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി.

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗാദിനത്തോടനുബന്ധിച്ച്‌ രാജ്യത്തുടനീളം വിപുലമായ പരിപാടികള്‍ കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. റാഞ്ചി, ഡല്‍ഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. അതിന് പുറമെ രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുപ്പതിനായിരത്തിലേറെ പേര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡല്‍ഹിയില്‍ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളില്‍ യോഗ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗദിന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.

കുടിവെള്ളമില്ലാതെ ചെന്നൈ : കേരളത്തിന്റെ വെള്ളം വേണ്ടെന്ന് പളനി സ്വാമി

കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. അതേസമയം പിണറായി വിജയന് നന്ദിയറിയിച്ച്‌ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.വെ​ള്ളം എ​ത്തി​ച്ചു ന​ല്‍​കാ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ഗ്ദാ​നം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ത​മി​ഴ്നാ​ട് വ്യക്തമാക്കി.കേ​ര​ള​ത്തി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി​യെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന് ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി അ​റി​യി​ച്ചു. ഇ​ന്നു ചേ​രു​ന്ന യോ​ഗം വാ​ഗ്ദാ​നം സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ സമരം

കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐഎംഎ അറിയിച്ചു.കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ബംഗാളിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി 300 ഡോക്ടര്‍മാര്‍ രാജിവച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായി.രാജ്യത്തെ മറ്റുഡോക്ടര്‍മാരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഹെല്‍മറ്റും ബാന്‍ഡേജും ധരിച്ചാണു രോഗികളെ പരിശോധിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം തള്ളിയാണ് ഡോക്ടര്‍മാര്‍ സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.സുരക്ഷ ഉറപ്പാക്കാതെ ജോലിക്കെത്തില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.പണിമുടക്കിന്‍റെ ഭാഗമായി 17നു രാവിലെ 6 മുതല്‍ 18നു രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടര്‍മാരും പണിമുടക്കും. കാഷ്വാലിറ്റി, ലേബര്‍ റൂം, തീവ്രപരിചരണവിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു കേരളഘടകം സെക്രട്ടറി ഡോ.എന്‍.സുല്‍ഫി അറിയിച്ചു.

കൊടും ചൂടിലുരുകി ഉത്തരേന്ത്യ

വടക്കേന്ത്യയില്‍ കൊടും ചൂടിന് ശമനമില്ല . ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.ഉത്തര്‍പ്രദേശിലെ ഝാന്‍സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്‍, ഹരിയാനയിലെ ഹിസാര്‍, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രിയായിരുന്നു താപനില. മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ചരിത്രത്തില്‍ ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമാണ് ഇത്. 1991ല്‍ ഉണ്ടായതിനേക്കാളും മൂന്നുമടങ്ങ് ചൂടാണ് ഉണ്ടായിരിക്കുന്നത്.കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്‍ നദികളും റിസര്‍വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം. ഉള്‍പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ടാങ്കുകളിലും പൈപ്പുകളിലും പോലും എത്തിക്കാന്‍ ആവശ്യമായ വെള്ളം കിട്ടാനില്ല. ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നദികള്‍ക്കുള്ളില്‍ കുഴികുഴിച്ച്‌ വെള്ളം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രാമവാസികള്‍. എന്നാല്‍ ഇവയും വറ്റിവരണ്ടതോടെ പലയിടങ്ങളിലും കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു കുടം വെള്ളമെങ്കിലും എത്തിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് 300 അടിയായതോടെ ഹാന്‍ഡ് പൈപ്പുകള്‍ പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

വിവാഹമോചനത്തിനു ശേഷം ഓൺലൈൻ ഭിക്ഷാടനം ; സമ്പാദിച്ചത് ലക്ഷങ്ങൾ ; ഒടുവിൽ യുവതിക്ക് എട്ടിന്‍റെ പണി

തട്ടിപ്പിന്‍റെ സൈബര്‍ സാധ്യതകളിലൂടെ യുവതി 17 ദിവസം കൊണ്ടു നേടിയത് 34,77,600 രൂപ. അറബ് വംശജനായ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയ യൂറോപ്യന്‍ യുവതിയാണ് ഓണ്‍ലൈന്‍ ഭീക്ഷാടനത്തിലൂടെ ലക്ഷങ്ങള്‍ സമ്ബാദിച്ചത്. ഫേസ്‌ബുക്കിലും, ഇന്‍സ്‌റാഗ്രാമിലും, ട്വിറ്ററിലും നിരവധി അക്കൗണ്ടുകള്‍ ഉണ്ടാക്കി ആളുകളോട് പണം ആവശ്യപ്പെടുന്നതായിരുന്നു യുവതിയുടെ രീതി. വിവാഹബന്ധം വേര്‍പെടുത്തി ജീവിക്കുന്ന യുവതി തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളുടെ ഫോട്ടോ സഹതാപം നേടാന്‍ ഉപയോഗിച്ചതാണ് വിനയായത്.ഭര്‍ത്താവിനൊപ്പമാണ് താന്‍ ദുബായില്‍ എത്തിയതെന്നും എന്നാല്‍ തന്നെയും കുട്ടികളെയും ഉപേക്ഷിച്ച്‌ ഭര്‍ത്താവ് കടന്നു കളഞ്ഞെന്നുമാണ് യുവതി പ്രചരിപ്പിച്ചത്. സഹതാപം നേടാന്‍ കുട്ടികളുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ യുവതി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി കുട്ടികളെ നേരത്തേ തന്നെ ഭര്‍ത്താവിന് കൈമാറിയിരുന്നു. കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ കണ്ട് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ യുവാവിനെ വിവരം അറിയിക്കുന്നതോടെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇതോടെ ഭര്‍ത്താവ് തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.ഓണ്‍ലൈന്‍ യാചന ദുബായില്‍ ആറ് മാസം വരെ ഒരു ലക്ഷം ദിര്‍ഹം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇവരെ കൂടാതെ 128 പേര്‍ ഓണ്‍ലൈന്‍ ഭിക്ഷാടനം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 85 പേര്‍ പുരുഷന്മാരും 43 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ നിന്നും 38,000 ദിര്‍ഹവും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് കണ്ട ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് ഇയാളെ വിവരം അറിയിച്ചത്.

രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാല്‍സംഗക്കേസില്‍ വിധി ഇന്ന്

ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്നുണ്ടായേക്കും.2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വെച്ച്‌ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

48 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റിന് സാധ്യത ; മഴ കുറയും

ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം. വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതോടെ ‘വായു’ എന്ന പേരിലാവും അറിയപ്പെടുക. ഇന്ത്യയാണ് പേര് നിര്‍ദേശിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കന്‍മേഖലയിലെ രാജ്യങ്ങളുടെ നിര്‍ദേശം അനുസരിച്ചാണ് ഈ പ്രദേശത്തെ ചുഴലിക്കാറ്റുകള്‍ക്ക് പേര് തിരഞ്ഞെടുക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, തായ്ലന്‍ഡ് എന്നിവയാണ് ഇന്ത്യയെക്കൂടാതെ ഈ മേഖലയില്‍ വരുന്ന രാജ്യങ്ങള്‍.തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്‍റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്‍റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.ഈദിവസങ്ങളില്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ 55 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശിയേക്കും. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വിഭാഗവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷത്തിന്‍റെ ശക്തികുറഞ്ഞേക്കും. ഒരാഴ്ച വൈകി സംസ്ഥാനത്ത് ശനിയാഴ്ചയാണ് കാലവര്‍ഷം എത്തിയത്. തെക്കന്‍ജില്ലകളില്‍ ഞായറാഴ്ച വ്യാപകമായി മഴലഭിച്ചു. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്

കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികരമേറ്റു

കേന്ദ്രആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികരമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെത്തിയാണ് അമിത് ഷാ ചുമതലയേറ്റത്. ആദ്യമായാണ് അമിത് ഷാ കേന്ദ്ര മന്ത്രി സഭയിലേക്കെത്തുന്നത്. നരേന്ദ്രമോദിയ്ക്കു ശേഷം രണ്ടാമന്‍ എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.കര്‍ക്കശക്കാരനെന്ന നേതാവെന്ന നിലയില്‍ കര്‍ശനമായ നിയമ നടത്തിപ്പുകള്‍ അമിത് ഷായുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ചുമതലയേറ്റെടുത്തശേഷം വിവിധ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും അമിത് ഷായെ സ്വീകരിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചുമതലയുണ്ടായിരുന്ന രാജ്‌നാഥ് സിങ്ങുമായി സംസാരിച്ച ശേഷമാണ് അമിത് ഷാ ചുമതലയേറ്റത്. കൂടുതല്‍ മന്ത്രിമാരുമായി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഇതേ സമയം നിര്‍മ്മലാ സീതാരാമന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നു സംബന്ധിച്ച വാര്‍ത്തയും പുറത്തു വരുന്നുണ്ട്.