ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചു

കഴിഞ്ഞ 14 ന് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചു . ഉച്ചക്ക് 2.43ന് സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്‌.നേരത്തേ ഹീലിയം ടാങ്കിലെ ചോര്‍ച്ചയായിരുന്നു ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം എത്താതിതിരിക്കാനും വിക്ഷേപണം മാറ്റാനുമുണ്ടായ കാരണം.മൂന്ന് ഘട്ടങ്ങളില്‍ ആദ്യത്തെ ദ്രവ ഇന്ധനഘട്ടമായ എല്‍ 110ലും രണ്ടാമത്തെ ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ഇന്ന് ഇന്ധനം നിറച്ചത്‌ .വലിയ സോളിഡ് ബൂസ്റ്ററുകളിലൊന്നായ എസ് 200 ആണ് ആദ്യ ഘട്ടത്തില്‍ സ്ട്രാപ്പോണ്‍സായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ജ്വലനത്തോടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയര്‍ന്നു. 16 മിനിറ്റില്‍ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.48 ദിവസംകൊണ്ട് ചന്ദ്രോപരിതലത്തിലെത്താനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്.വിക്ഷേപണം കാണാന്‍ 7500ഓളം പേര്‍ എത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ രണ്ടുമണിക്കൂറിനം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു.

Advertisements

ഷീല ദീക്ഷിദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു.81 വയസ്സായിരുന്നു.15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. നിലവിൽ ഡൽഹി പിസിസി അധ്യക്ഷയായിരുന്നു.കരള ഗവർണറായും സേവനം അനുഷ്ഠിച്ചു.

വില്ലനായി പെരുമഴ; മഴക്കെടുതിയില്‍ ബിഹാറിലും അസമിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും വില്ലനായപ്പോള്‍ മരണം 111 കടന്നു. ബിഹാറിലാണ് മരണ നിരക്ക് കൂടുതല്‍. ലഭ്യമായ കണക്കുകളനുസരിച്ച്‌ 67 പേര്‍ ബിഹാറില്‍ മരിച്ചു
അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരുമാണ് മരിച്ചത്. 48 ലക്ഷം പേര്‍ ബിഹാറില്‍ പ്രളയബാധിതരായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേരാണ് ദുരിതബാധിത ക്യാമ്ബുകളില്‍ കഴിയുന്നത്.ആയിരങ്ങള്‍ക്കാണ് വീട് നഷ്ടമായത്. 831 ​ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. വെള്ളമിറങ്ങി തുടങ്ങിയ ഏതാനും സ്ഥലങ്ങളില്‍ പകര്‍ച്ചാവ്യാധികള്‍ വരാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.അസമില്‍ 2 ആഴ്ചയോളമായി പ്രളയക്കെടുതികള്‍ തുടരുകയാണ്. 33 ജില്ലകളിലായി 57 ലക്ഷം പേരാണ് പ്രളയ ബാധിതരായത്. 427 ദുരിതാശ്വാസ ക്യാമ്ബുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ അയല്‍രാജ്യമായ നേപ്പാളിലും കനത്ത മഴ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിയിലാണ് പ്രിയങ്കയെ മിര്‍സാപൂരില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു. സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്ക റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇടപെടല്‍; സര്‍ക്കാര്‍ ഉച്ചയ്ക്ക് 1.30ന് സഭയില്‍ വിശ്വാസം തേടണമെന്ന് നിര്‍ദേശം

ഇന്ന് ഉച്ചയ്ക്ക് 1.30ന് തന്നെ എച്ച്‌.ഡി.കുമാരസ്വാമിയുടെ മന്ത്രിസഭ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദേശം. വ്യാഴാഴ്ച്ച വിശ്വാസം തേടാനുള്ള ആവശ്യം തള്ളിയതിനാലാണ് ഗവര്‍ണര്‍ സമയപരിധി നിശ്ചയിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ വാജുഭായ് വാല മന്ത്രിസഭയ്ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം വിധാന്‍ സൗധയിലാണ് രാത്രി കഴിചച്ചുകൂട്ടിയത്.വിശ്വാസവോട്ടെടുപ്പ് നടത്താതെ അനാവശ്യ ചര്‍ച്ചകളും മറ്റുമാണ് സഭയില്‍ നടക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇന്ന് സഭ ചേരുന്നത് വരെ സഭയില്‍ തന്നെ കഴിയാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ കെ.ആര്‍.രമേഷ്കുമാര്‍ തള്ളിയിരുന്നു. വ്യാഴാഴ്ച്ച കൂടിയ സഭ വെള്ളിയാഴ്ചത്തേക്ക് പിരിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു സ്പീക്കര്‍. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് താനെ വിശ്വാസവോട്ടെടുപ്പ് നേരിടണം എന്ന് ഗവര്‍ണര്‍ സമയപരിധി വെച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട്കൊണ്ട് ഇന്നലെ രാത്രി കത്ത് നല്‍കുകയും ചെയ്തിരുന്നു.

തകരാര്‍ പരിഹരിച്ചു ; ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം.15-ന് പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്.ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ ആറിന് പേടകത്തില്‍നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച്‌ സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.23-നുശേഷമാണ് വിക്ഷേപണമെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംെവക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. അതു കൊണ്ടാണ് 22 ന് തന്നെ വിക്ഷേപിക്കുന്നത്.

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്: പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമി

രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്ന കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എം എല്‍ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും. അതേ സമയം സര്‍ക്കാര്‍ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്‌, ജെഡിഎസ് ,ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ഒരു കോണ്‍ഗ്രസ്‌ എംഎല്‍എയെ കാണാതായെന്ന അഭ്യൂഹമുണ്ട്.കുറഞ്ഞത് 12 എം എല്‍ എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. വിമതര്‍ എത്തിയില്ലെങ്കില്‍ സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ് കോണ്‍ഗ്രസ്‌ – ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.

രാഹുലിന് പകരം പ്രിയങ്ക മതിയെന്ന്‌ ആവശ്യം ; പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കും ?

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുമ്ബോഴും മുതിര്‍ന്ന നേതാക്കള്‍ കാര്യമായി പ്രതികരിക്കുന്നില്ല. പുതിയ അധ്യക്ഷനെ എന്ന് തിരഞ്ഞെടുക്കുമെന്നോ, ആരായിരിക്കും പുതിയ അധ്യക്ഷനെന്നോ തുടങ്ങി പ്രാഥമിക വിവരങ്ങള്‍ പോലും കോണ്‍ഗ്രസ് ക്യാമ്ബുകളില്‍ നിന്ന് ലഭിക്കാത്ത സ്ഥിതി വിശേഷമാണ്. രാഹുല്‍ ഗാന്ധിക്ക് പകരം ആരെ അധ്യക്ഷനാക്കണം എന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഇതുവരെ ധാരണയായിട്ടില്ല.ചര്‍ച്ചകള്‍ തുടരുകയാണ്. ഈ ആഴ്ച തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കളുടെ നിലപാട് സുപ്രധാനമായിരിക്കും. സോണിയ ഗാന്ധി, മന്‍മാഹന്‍ സിങ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളുടെ നിലപാടിനായിരിക്കും മുന്‍തൂക്കം.
പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ അധ്യക്ഷനെ കുറിച്ച്‌ ധാരണയാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.എന്നാല്‍, പ്രിയങ്ക ഗാന്ധിക്കായി പരസ്യമായ ചര്‍ച്ചകളോ ധാരണകളോ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കാരണം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവയ്ക്കുമ്ബോള്‍ അടുത്ത അധ്യക്ഷന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നാകരുത് എന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളായിരിക്കും പുതിയ അധ്യക്ഷനാകേണ്ടത് എന്നാണ് രാഹുല്‍ അന്ന് പറഞ്ഞത്. അതിനാല്‍ തന്നെ പ്രിയങ്കക്കായി സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമില്ല. സോണിയ ഗാന്ധിയും പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.

എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

കര്‍ണാടകയില്‍ രാജിവച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വിമത എം.എല്‍.എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും, പ്രസ്‌തുത തീരുമാനം തങ്ങള്‍ക്ക് മുന്നില്‍ എത്തുമ്ബോള്‍ വിശദമായി പരിശോധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും, എന്നാല്‍ അത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.അതേസമയം, രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിര്‍ദ്ദേശിക്കാന്‍ നിയമനിര്‍മ്മാണ സഭയ്ക്കു മേല്‍ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വ്യക്തമായതോടെ കര്‍ണാടക രാഷ്ട്രീയം ഏതാണ്ട് ക്ലൈമാക്സിലേക്ക് അടുക്കുന്നുവെന്ന് വ്യക്തമായി. അയോഗ്യതാ സമ്മര്‍ദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചില്ല. രാജിവച്ചവരെ മാറ്റിനിറുത്തിയാല്‍ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബി.ജെ.പിയുടെ ബലം നൂറ്റിയേഴുമാകും. ഇതോടെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് കരുതുന്നത്.

ബിജെപി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതില്‍ അച്ഛനില്‍നിന്ന് ഭിഷണിയുണ്ടെന്ന് ആരോപിച്ച ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. അലഹബാദ് ഹൈക്കോടതിക്കു സമീപത്തുനിന്നാണ് ബിജെപി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവരെ ഒരു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കറുത്ത എസ്.യു.വി കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനില്‍നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എം.എല്‍.എ രാജേഷ് മിശ്രയാണ് സാക്ഷിയുടെ പിതാവ്. തങ്ങള്‍ക്കോ ഭര്‍ത്താവിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവരായിരിക്കുമെന്നും സാക്ഷി ഫെയ്‌സ്ബുക്കില്‍ വന്ന ലൈവില്‍ ആരോപിച്ചിരുന്നു.അതേസമയം മകളുടെ വിവാഹത്തെ എതിര്‍ത്തിട്ടില്ലെന്നാണ് രാജേഷ് മിശ്ര ഇതിനോട് പ്രതികരിച്ചത്.