സാങ്കേതിക തകരാര്‍ ചന്ദ്രയാന്‍ വിക്ഷേപണം മാറ്റി

ശാസ്ത്രലോകം ഏറെ പ്രതീക്ഷകളോടെ കാണുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റി. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്‌എല്‍വി മാര്‍ക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിയത്. തിങ്കളാഴ്ച 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ചാന്ദ്രയാന്‍ 2 വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടറോടു നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് നിശ്ചയിക്കും. ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്‍റെ യാത്ര. ചന്ദ്രയാന്‍ 2 വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കായാല്‍ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യ പിന്നിടും.

Advertisements

പൊതു ബജറ്റ് നാളെ; സര്‍വെ റിപ്പോര്‍ട്ട്​ ഇന്ന്​ ലോക്​സഭയില്‍

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാളെ നടക്കുന്ന ആദ്യ പൊതു ബജറ്റിന്​ മുന്നോടിയായി സാമ്ബത്തിക സര്‍വെ റിപ്പോര്‍ട്ട്​ ഇന്ന്​ ലോക്​സഭയില്‍ വെക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റാണ്​ നാളെ നടക്കാനിരിക്കുന്നത്​. സാമ്ബത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ എന്ത് നടപടിയാകും ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി അവതരിപ്പിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ആഭ്യന്തര വളര്‍ച്ചാ നിരക്ക്​ 6.8 ശതമാനമായി കുറഞ്ഞതും കാര്‍ഷിക-വ്യാവസായിക മേഖലകളിലെ മുരടിപ്പും സര്‍ക്കാറിന്​ മുന്നിലെ പ്രധാന വെല്ലുവിളിയാണ്​. ഓഹരികള്‍ വിറ്റഴിച്ച്‌​ 90000 കോടി കണ്ടെത്തുകയെന്ന നിര്‍ദേശമായിരുന്നു ഇടക്കാല ബജറ്റില്‍ മുന്നോട്ട്​ വെച്ചത്​. സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്​ തന്നെയാവും ബജറ്റില്‍ ഊന്നല്‍ നല്‍കുക.48 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്​ രാജ്യത്തെ തൊഴിലില്ലായ്​മ. തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കാം. എന്നാല്‍ നോട്ട്​ നിരോധനവും ജി.എസ്​.ടി തകര്‍ത്ത ഇന്ത്യന്‍ സാമ്ബത്തിക ​വ്യവസ്ഥയെ കരകയറ്റുകയെന്നത് എളുപ്പമാകില്ല.ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങ​ള്‍ എതാണ്ട്​ തകര്‍ച്ചയുടെ വക്കിലാണ്​. ഇതിന്​ പുറമേയാണ്​ സമ്ബദ്​വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കി ഉപഭോഗത്തിലും കുറവുണ്ടാകുന്നത്​. ഗ്രാമീണ സമ്ബദ്​വ്യസ്ഥയും വെല്ലുവിളികള്‍ നേരിടുകയാണ്​. ഈ പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നിര്‍ദേശങ്ങളാണ്​ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്​.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. കത്ത് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.’എത്രയും വേഗം പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണം. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന പ്രക്രിയയില്‍ ഞാന്‍ അംഗമല്ല. ഞാന്‍ നേരത്തെ തന്നെ രാജിക്കത്ത് സമര്‍പ്പിച്ചതാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ പുതിയ അധ്യക്ഷനെ ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഡാം തകര്‍ന്നു, മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഇരുപതിലധികം ആളുകളെ കാണാനില്ല, ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു. 20 ലധികം ആളുകളെ കാണാതായി. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് രത്നഗിരി ജില്ലയിലെ ചിപ്ലുന്‍ താലുക്കിലെ തിവാരെ അണക്കെട്ട് തകര്‍ന്നത്. ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടയിലായി. അണക്കെട്ടിന് സമീപത്തുണ്ടായിരുന്ന 12 വീടുകള്‍ ഒലിച്ചുപോയി. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങളും തിരച്ചലും തുടരുകയാണ്. കൂടുതല്‍ ആളുകളെ കാണാതായിട്ടുണ്ടാകാം എന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് മുതലാണ് അണക്കെട്ടില്‍ വിള്ളലുകള്‍ കണ്ട് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് മുമ്ബ് തന്നെ അണക്കെട്ട് തകരുകയും നിമിഷങ്ങള്‍ക്കകം ഗ്രാമങ്ങള്‍ വെള്ളത്തിനടയിലാകുകയുമായിരുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതിനകം 30 ഓളം പേരാണ് മരിച്ചത്. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ പെയ്തത്. 2005 നുശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇത്തവണ മുംബൈയില്‍ പെയ്തത്. പൂനൈയില്‍ കഴിഞ്ഞ ദിവസം മതില്‍ തകര്‍ന്ന് 21 പേരാണ് മരിച്ചത്.സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയില്‍ കനത്ത മഴ തുടരുന്നു, 21 മരണം, രണ്ട് ദിവസം പൊതു അവധി

തിമിര്‍ത്തുപെയ്യുന്ന മഴ നാലാം ദിവസത്തിലും ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ജന ജീവിതം ദുസ്സഹമായി മുംബൈ നഗരം. ഇതിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മാലാഡ് ഈസ്റ്റില്‍ കഴിഞ്ഞ ദിവസം മതിലിടിഞ്ഞ് വീണുണ്ടായതുള്‍പ്പെ‍ടെ അപകടങ്ങളിലാണ് ജീവഹാനി ഉണ്ടായത്. മലാഡില്‍ മാത്രം 12 പേരാണ് മരിച്ചതെന്ന് ഇന്ത്യ ടു ഡേ റിപ്പോര്‍ട്ട് പറയുന്നു. 13 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കല്ല്യാണില്‍ സ്കൂളിന്റെ മതിലിടിഞ്ഞ് വീണ് മുന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരാള്‍ക്ക് പരിക്കേറ്റു. പൂനെയില്‍ സമാനമായ അപകടത്തില്‍ 5 പേര്‍ മരിച്ചെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കാറ്റിലും മഴയിലും ഇതുവരെ മുംബൈ നഗരത്തില്‍ 150 മരങ്ങള്‍ കടപുഴകുകയോ, ഒടിഞ്ഞുവീഴുകയോ ചെയ്തതായി ബിഎംസി അറിയിച്ചു

പാചകവാതക ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം തുടങ്ങി

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനവുമായി പാചകവാതക ടാങ്കര്‍ ലോറികള്‍. നാമക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യന്‍ ബള്‍ക് എല്‍.പി.ജി ടാങ്കര്‍ ലോറിയുടമ സംഘമാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും എന്ന് അറിയിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്ര, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലായി മൊത്തം 4500 ടാങ്കര്‍ ലോറികളാണ് സര്‍വിസ് നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്ില്‍ നിന്ന് സിലിണ്ടറുകളില്‍ വാതകം നിറക്കുന്ന ബോട്ട്‌ലിങ് പ്ലാന്റുകളിലേക്ക് പാചകവാതകം എത്തിക്കുന്ന ടാങ്കര്‍ ലോറികളാണ് നിര്‍ത്തിയിടുക.പൊതുമേഖല എണ്ണ-പാചകവാതക കമ്പനികളുമായി ഈയിടെയാണ് ടാങ്കര്‍ ലോറി ഉടമകള്‍ വാടക കരാര്‍ പുതുക്കിയത്. 3800 ടാങ്കര്‍ ലോറികള്‍ക്കു മാത്രമാണ് കരാര്‍ ഒപ്പിട്ടത്. ഒഴിവാക്കപ്പെട്ട 700 ലോറികളെക്കൂടി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജൂണ്‍ 26ന് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ 126 ടാങ്കര്‍ ലോറികളെ കരാറിലുള്‍പ്പെടുത്താമെന്ന് അറിയിച്ചുവെങ്കിലും ലോറിയുടമ സംഘം സമരത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ആശുപത്രിയിലും ടിക്ടോക് ; നടപടി ഉടൻ

ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തില്‍ ആടിപ്പാടിയുള്ള ടിക്ടോക് വീഡിയോ എടുത്ത നഴ്‌സുമാര്‍ക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒഡീഷയിലെ മാല്‍കാംഗിരിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ശിശുമരണ നിരക്ക് ഏറ്റവും കൂടുതലുള്ള സ്ഥലമാണ് മാല്‍കാംഗരി. ഔദ്യോഗിക യൂണിഫോമിലാണ് നഴ്‌സുമാര്‍ ടിക്ടോക് വീഡിയോ എടുത്തത്. കൂടാതെ വീഡിയോയില്‍ ഒരു നവജാത ശിശുവിനെയും കാണാം.ടിക്ടോക് വീഡിയോ എടുത്ത് നടക്കുന്ന ഒരുപാടാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഏറ്റവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സ്ഥലമാണ് ആശുപത്രി. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെ പരിസരം മറന്നുള്ള നഴ്‌സുമാരുടെ പാട്ടിനും ഡാന്‍സിനും രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു.

ഷെറിൻ വധം ; വളർത്തച്ഛന് ജീവപര്യന്തം

ദത്തുപുത്രിയും മൂന്നു വയസുകാരിയുമായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്‌ലി മാത്യുവിന് ജീവപര്യന്തം. ഡാളസിലെ 12 അംഗ ഡിസ്ട്രിക്‌ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ പ്രതിക്ക് പരോള്‍ ലഭിക്കൂ.
2017 ഒക്‌ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. റിച്ചഡ്‌സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ ഏഴിനാണ് പിതാവ് എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസ് (39) പരാതിപ്പെടുന്നത്. ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടില്‍ നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്.2017 ഒക്‌ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. റിച്ചഡ്‌സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ ഏഴിനാണ് പിതാവ് എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസ് പരാതിപ്പെടുന്നത്. ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടില്‍ നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്.
വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാല്‍ കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച്‌ പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പോലീസിനോട് പറഞ്ഞത്.എന്നാല്‍, ബലം പ്രയോഗിച്ച്‌ പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് വെസ്‌ലിയെ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

പണമില്ല, ആംബുലന്‍സ് നല്‍കിയില്ല: മകന്റെ മൃതദേഹം തോളിലേറ്റി അച്ഛന്‍

പണമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം അച്ഛന്‍ തോളിലെടുത്തു ഗ്രാമത്തിലേക്കു മടങ്ങേണ്ട ഗതികേട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പഹര്‍പുര്‍ സാഗര്‍ സീത ഗ്രാമവാസിയാണു മരിച്ച കുട്ടി.മൃതദേഹം സൗജന്യമായി വീട്ടില്‍ എത്തിക്കാനും സംസ്കരിക്കാനും വ്യവസ്ഥയുണ്ടായിട്ടും ആശുപത്രി അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ ജില്ലാ മജിസ്ട്രേട്ടിനു നിര്‍ദേശം നല്‍കി.

രാഹുലിന് പകരം അധ്യക്ഷനാകാന്‍ ആര് ?

അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുമ്ബോള്‍, അനിശ്ചിതത്വമൊഴിയാതെ ഹൈക്കമാന്‍ഡ്. സമീപകാലത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു പാര്‍ട്ടി നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, കഴിഞ്ഞ 25നു പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണു സ്ഥാനമൊഴിയാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാഹുലിന്റെ മനസ്സു മാറ്റാനോ പിന്‍ഗാമിയെ കണ്ടെത്താനോ ആകാതെ, ഇരുട്ടില്‍ തപ്പുകയാണു നേതൃത്വം. അധ്യക്ഷ പദവിയില്‍ തുടരുന്നതിനു രാഹുലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രവര്‍ത്തക സമിതി വീണ്ടും വിളിച്ചുചേര്‍ക്കുന്നതു പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.