ബാലഭാസ്ക്കറിന്‍റെ മരണം; സ്വ‍‍ർണക്കടത്ത് കേസിൽ ഒളിവിലുള്ള വിഷ്ണുവിലേക്ക് കൂടുതൽ അന്വേഷണം

ബാലഭാസ്ക്കറിന്‍റെ സാമ്പത്തിക ഇടപാടുകളിലെ മുഖ്യ കണ്ണിയായിരുന്നു സ്വർണക്കടത്ത് കേസിൽ ഒളിവിലുള്ള വിഷ്ണുവെന്ന സംശയത്തിൽ ഡിആർഐ. വിഷ്ണുവിന്‍റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആർഐ പരിശോധിച്ചു തുടങ്ങി. അതേ സമയം അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു.ബാലഭാസ്ക്കറിന്‍റെ സാമ്പത്തിക ഇടപാടുകളിൽ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആർഐയും ക്രൈംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാൻ ബാലഭാസ്കർ പണം നൽകിയിരുന്നു. പക്ഷെ ഈ സംരഭം അധികനാള്‍ നീണ്ടു നിന്നില്ല. ബാലഭാസ്ക്കറിന്‍റെ മരണ ശേഷമാണ് ദുബായിൽ വിഷ്ണു ബിനസസ്സ് തുടങ്ങിയെന്നാണ് കണ്ടെത്തൽ. ഇതിനുള്ള പണം എവിടെ നിന്ന് വന്നുവെന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. വിഷ്ണുവിന്‍റെ ജീവനക്കാരനാണ് ദുബായിലെ സ്വർ‍ണ കടത്തിലെ ഇടനിലക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയെന്ന് ഡിആ‍ർഐ കണ്ടത്തി. ആകാശ് ഷാജിയുടെ മണ്ണന്തലയിലുള്ള വീട്ടിൽ ഡിആർഐ പരിശോധന നടത്തി. സ്വർണ കടത്തിനും ഹവാലക്കുമായി ഒരു മറയായിരിക്കാം ദുബായിലെ ബിസിനസ്സെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. മാത്രമല്ല, സ്വർണ കടത്തുകാരുമായി ആദ്യ ഘട്ടത്തിൽ കരാർ ഉറപ്പിക്കണമെങ്കിലും വൻ തുക വേണം. ഈ പണത്തിന്‍റെ ഉറവിടം എവിടെ നിന്നെന്ന സംശയമാണ് അന്വേഷണ ഏജൻസികളെ ബാലഭാസ്ക്കറിന്‍റെ സാമ്പത്തിക ഇടപാടികളിലേക്ക് നയിക്കുന്നത്. അതേ സമയം ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് ക്രൈം ബ്രാഞ്ച് കടന്നു.

Advertisements

മരടിലെ അ‌ഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള നീക്കം:​ വിധി നടപ്പിലാക്കുന്നത് ആറാഴ്‌ചത്തേക്ക് നീട്ടി സുപ്രീംകോടതി

മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്ലാറ്റുകള്‍ ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അദ്ധ്യക്ഷയായ ബഞ്ചിന്റേതാണ് ഉത്തരവ്. ഫ്ലാറ്റുകളിലെ 32 താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കാനുള്ള വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ആല്‍ഫാ സെറീന്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ സുപ്രീംകോടതി അവധിക്കാല ബെഞ്ചിനെ സമീപിച്ചിരുന്നു.
അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ആല്‍ഫാ സെറീനിലെ 32 താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജയ് രസ്‌തോഗി എന്നിവര്‍ അംഗങ്ങളായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.കോടതി വിധി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. വിധി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. ഫ്ളാറ്റുകള്‍ വാങ്ങി കരം അടച്ചപ്പോള്‍ നിയമ വിരുദ്ധമെന്ന് പറഞ്ഞിരുന്നില്ല. തങ്ങളെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ പരാതിക്കാരായ തീരദേശ അതോറിട്ടി തയ്യാറായില്ല. അപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥിതിചെയ്യുന്ന സി.ആര്‍ സോണ്‍ രണ്ടില്‍ തീരദേശ അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഇവരുടെ വാദം.

ട്രോളിംഗ് നിരോധനം ; മത്സ്യത്തൊഴിലാളികൾക്ക് മാസം 4500 രൂപ

ട്രോളിങ് നിരോധനം തുടങ്ങിയതോടെ സംസ്ഥാനത്ത‌് രജിസ്റ്റർചെയ‌്ത യന്ത്രവൽക്കൃത ബോട്ടുകൾ തീരമണഞ്ഞു. ഇതരസംസ്ഥാന ബോട്ടുകൾ സംസ്ഥാനതീരം വിട്ടു. ഫിഷറീസ‌്, മറൈൻ എൻഫോഴ‌്സ‌്മെന്‍റ്നേതൃത്വത്തിൽ കടലിലും ഹാർബറുകളിലും പരിശോധന ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനും ആവശ്യമായ നടപടികളും മത്സ്യത്തൊഴിലാളികൾക്കുള്ള ട്രോളിങ‌് കാലയളവിലുള്ള ആനുകൂല്യ വിതരണത്തിനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട‌്. സമ്പാദ്യ സമാശ്വാസപദ്ധതിയിൽ രജിസ്റ്റർചെയ‌്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സമാശ്വാസധനം നൽകും. മാസം 4500 രൂപവീതമാണ‌് നൽകുക. 1.86 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക‌് സമാശ്വാസധനം നൽകും. തീരദേശ ജില്ലകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അപകടം സംബന്ധിച്ച എല്ലാ വിവരങ്ങളും കൺട്രോൾ റൂമിൽ അറിയിക്കാം.
പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളികൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐഡി കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കും. ട്രോളിങ‌് നിരോധനകാലത്ത‌് ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച ഒരുബോട്ടും യന്ത്രവൽക്കൃത തോണിയും മുഴുവൻ സമയവും കടലിൽ ഉണ്ടാകും. ബോട്ട‌് നിയന്ത്രിക്കുന്ന തൊഴിലാളികൾക്കു പുറമെ മൂന്നുവീതം ജീവനക്കാർ ബോട്ടിലും തോണിയിലും ഉണ്ടാകും. ലൈഫ‌്ബോയ‌, ലൈഫ‌് ജാക്കറ്റ‌്, ജിപിഎസ‌് നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ എന്നിവയും ഉണ്ടാകും.

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു

പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടുപേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്.തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ടുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കണ്ണനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് തനി കേരളീയനായി

ഇന്ത്യൻ പ്രധാനമന്ത്രിയായി രണ്ടാംവട്ടവും അധികാരമേറ്റ നരേന്ദ്രമോദി ഗുരുവായൂരെത്തി കണ്ണനെ കൺനിറയെ കണ്ട് തൊഴുതു. കൊച്ചിയിൽ നിന്ന് ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിലാണ് തനി മലയാളിയായി മുണ്ടും ഷർട്ടും അണിഞ്ഞ് നരേന്ദ്ര മോദി വന്നിറങ്ങിയത്. ഉദ്യോഗസ്ഥരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി.മുരളീധരനുമടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അൽപ്പനേരം വിശ്രമിച്ച ശേഷം സാധാരണക്കാരനെ പോലെ കാൽനടയായാണ് മോദി തിരുനടയിൽ എത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ നൽകിയ പൂർണ്ണ കുംഭം സ്വീകരിച്ച് നാലമ്പലത്തിലേക്ക് പ്രവേശിച്ചു. ക്ഷേത്രത്തിൽ 111 കിലോ താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിലെ വഴിപാടുകളും കഴിപ്പിച്ചു. പ്രധാനമന്ത്രിയെ ഒന്നു കാണാനായി നിരവധിയാളുകളാണ് ക്ഷേത്രത്തിലെത്തിയത്. ഗസ്റ്റ്ഹൗസ് മുതൽ ക്ഷേത്രം വരെയും ഒപ്പം തന്നെ സമീപ പ്രദേശങ്ങളും കർശന നിരീക്ഷണത്തിലായിരുന്നു.

രാഹുൽ ഗാന്ധി വായനാട്ടിലെത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നന്ദി അറിയിക്കാനാണ് രാഹുല്‍ കേരളത്തിലെത്തിയത്. ഇന്ന് നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയ അദ്ദേഹം വൈകിട്ടോടെ അവിടെ നിന്നും കല്‍പറ്റയ്ക്ക് പോകും. കേരളാനേതാക്കളുമായി ഇതിനിടെ അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന പ്രഖ്യാപനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള വരവ്. രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്‍റ് പ്രകാശ് ബാബു, ടി സിദ്ധിഖ്, പിവി അബ്ദുള്‍ വഹാബ്, ലാലി വിന്‍സന്‍റെ എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. നൂറുകണക്കിന് കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരും രാഹുലിനെ കാണാനെത്തി.

ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക വിവരം: ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളം വിട്ടു

വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ ദിനംപ്രതി ദുരൂഹതയേറി വരികയാണ്. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതായി കരുതപ്പെടുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ നാടുവിട്ടെന്നാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ ദൂരയാത്ര പോയത് സംശയാസ്പതമാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വാദം. നിലവില്‍ അര്‍ജ്ജുന്‍ ആസാമിലാണെന്നാണ്റിപ്പോര്‍ട്ടുകള്‍.എന്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അര്‍ജ്ജുന്‍റെ മൊഴിമാറ്റം സംശയം ജനിപ്പിക്കുന്നതാണ്; ക്രൈം ബ്രാഞ്ച് അറിയിച്ചു. ബാലഭാസ്കറിന്‍റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇന്നലെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ബാലഭാസ്‌കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.തൃശൂരില്‍ നിന്ന് ബാലഭാസ്‌കറും കുടുംബവും പുറപ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്ന് വ്യക്തമായിട്ടുണ്ട്. ചാലക്കുടിയില്‍ നിന്ന് 1.08 ന് സ്പീഡില്‍ പോയ വാഹനം മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്യാമറയില്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് പോലീസ് കണ്ടെത്തി. ഒരു മണിക്ക് പുറപ്പെട്ട വാഹനം മൂന്ന് മണിക്ക് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്രയ്‌ക്കെടുത്തത് 2.37 മണിക്കൂര്‍ മാത്രം. DYSP K. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലെ തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്.

‍പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യർത്ഥികൾ മുങ്ങിമരിച്ചു

ചരൾ പുഴയിൽ കുളിക്കാനിറിങ്ങിയ നാലംഗ വിദ്യാർഥിസംഘം അപകടത്തിൽ പെട്ടു. രണ്ടു പേർ മുങ്ങി മരിച്ചു. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥി ഉളിക്കലിലെ എമിൽ സെബാൻ , കോഴിക്കോട് എൻട്രൻസ് കോച്ചിങ് സെന്‍റർ വിദ്യാർഥി വള്ളിത്തോട്ടെ ആനന്ദ് റാഫി എന്നിവരാണ് മരിച്ചത്.സുഹൃത്തുക്കളായ കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംങ് കോളജ് വിദ്യാർത്ഥി ചരളിലെ ജോപോൾ, മൈസൂരുവിൽ ബികോം വിദ്യാർത്ഥി ചരളിലെ ജോപോൾ, മൈസൂരുവിൽ ബികോം വിദ്യാർത്ഥിയായ മാടത്തിയിലെ അമീഷ് കെ.ജോൺ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. നാലുപേരും ഒന്നിച്ചു നീന്തുന്നതിനിടയിൽ എമിൽ സെബാനും ആനന്ദ് റാഫിയും പുഴയിൽ മുങ്ങിത്താഴുകയായിരുന്നു. ജോപോളും അമീഷ് കെ.ജോണും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

നാളെ മുതൽ മഴശക്തം ; വിവിധ ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് നാളെയോടെ മണ്‍സൂണ്‍ ശക്തിപ്പെട്ടേക്കും. അടുത്ത 24 മണിക്കൂറിലെ സാഹചര്യം വിലയിരുത്തിയാകും മണ്‍സൂണ്‍ പ്രഖ്യാപനം ഉണ്ടാവുക. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ 7 ന് കോഴിക്കോട് ജില്ലയിലും ജൂണ്‍ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ പ്രളയകാലത്ത് ശരാശരിയില്‍ നിന്ന് 23 ശതമാനം കൂടുതല്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ആ സാഹചര്യം ആവര്‍ത്തിക്കില്ലെന്നാണ് സൂചന. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നത് കൂടി പരിഗണിച്ച്‌ കാലാവസ്ഥ പ്രവചനത്തില്‍ വരുന്ന അപ്‌ഡേറ്റുകളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.

ഇടിമിന്നലേറ്റ് രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേന്നന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ കോട്ടുക്കലില്‍ ദേവി സദനത്തില്‍ വിശ്വനാഥപിള്ള എന്നയാളാണ് ഇടിമിന്നലേറ്റ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടയിലാണ് മിന്നലേറ്റത്. മലപ്പുറം മേലാറ്റൂരില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതോടെയാണ് ഇടിമിന്നലില്‍ മരണം.കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴയോടനുബന്ധിച്ച്‌ വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

ജൂണ്‍ 6,7 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നല്‍ – ജാഗ്രതാ നിര്‍ദേശങ്ങള്‍

പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നാണ് നി‍‌ര്‍ദ്ദേശം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നി‍‌ര്‍ദ്ദേശങ്ങള്‍..

വൈകീട്ട് 4 മണി മുതല്‍ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും വിലക്കുക.

രാത്രി കാലങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലില്‍നിന്നും കേടുപാടുകള്‍ ഉണ്ടാവാതിരിക്കാനായി ഊരി ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

പൊതു നിര്‍ദേശങ്ങള്‍..

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ഫോണ്‍ ഉപയോഗിക്കരുത്‌.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

മിന്നലിന്‍റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌.

വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.