വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍; പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

തൃശൂർ:
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് രാവിലെ വന്ദേഭാരത് ട്രെയിനിൽ തൃശൂരിലെത്തും. സിപിഐഎം പ്രവർത്തകർ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലെ ബോർഡിൽ കരിഓയിൽ ഒഴിച്ചതിനെ തുടർന്നുണ്ടായ സിപിഐഎം-ബിജെപി സംഘർഷങ്ങൾക്കിടയിലാണ് സന്ദർശനം. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന മാർച്ചിൽ സുരേഷ് ഗോപി പങ്കെടുക്കും.
ഇന്നലെ സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ കരിഓയിൽ ഒഴിച്ചതിനെ തുടർന്ന് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി, ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. മൂന്ന് ബിജെപി പ്രവർത്തകരും ഒരു സിപിഐഎം പ്രവർത്തകനും പരിക്കേറ്റു. പരുക്കേറ്റവരെ സന്ദർശിക്കുന്നതിനൊപ്പം തൃശൂർ സിറ്റി പോലീസ് കമ്മീഷണറേറ്റിലേക്കുള്ള മാർച്ചിലും അദ്ദേഹം പങ്കെടുക്കും.
വോട്ടർ പട്ടിക വിവാദത്തിൽ എൽഡിഎഫും യുഡിഎഫും ഉയർത്തിയ പ്രതിഷേധങ്ങൾക്ക് നേരെ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം തൃശൂരിൽ പ്രതികരിക്കുമോയെന്നത് ശ്രദ്ധേയമാണ്.









