പയ്യാവൂർ ഫെസ്റ്റ്: ബ്രോഷർ പ്രകാശനം ചെയ്തു; നവംബർ 4 മുതൽ 8 വരെ വിപുലമായ ആഘോഷം

Screenshot
പയ്യാവൂർ: വൈ.എം.സി.എ. പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പയ്യാവൂർ ഫെസ്റ്റ്’ ബ്രോഷർ പ്രകാശനം ചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്ക് നൽകി സജീവ് ജോസഫ് എം.എൽ.എ. ആണ് ബ്രോഷർ പ്രകാശനം ചെയ്തത്. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിന്റെ പയ്യാവൂർ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടയിലാണ് പ്രകാശനം നടന്നത്.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, വൈ.എം.സി.എ. പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിജു കുന്നുമ്മേൽ, സെക്രട്ടറി മാത്യു ടി. സഖറിയാസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
നവംബർ 4 മുതൽ 8 വരെ പയ്യാവൂർ ഗവൺമെന്റ് യു.പി. സ്കൂളിന് സമീപത്തെ ചേരിക്കത്തടത്തിൽ ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. നവംബർ 4-ന് പ്രശസ്ത ഗായകൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി അഖില കേരള നാടകോത്സവവും മെഗാ ഗാനമേളയും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും.







