കാങ്കോലിൽ കുടക്കല്ല് കണ്ടെത്തി

പയ്യന്നൂർ:കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയത്ത് കുടക്കല്ല്
കണ്ടെത്തി. പയ്യന്നൂർ ചെറുപുഴ റോഡരികിൽ തകർന്നു കാടു മൂടിക്കിടക്കുന്ന നിലയിൽ ഉള്ള കുടക്കല്ലിനെ തിരിച്ചറിഞ്ഞ് റവന്യൂ അധികൃതരുടെയും പുരാവസ്തുവ കുപ്പിൻ്റെയും ശ്രദ്ധയിൽ പെടുത്തിയത് പൈതൃക സ്മാരക പഠനത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ചിതം കൂട്ടായ്മയാണ് . ഏച്ചിലാം വയലിൽ “തീയത്തിമാളിക ” എന്ന മുനിയറ വിലയ്ക്ക് വാങ്ങി സംരക്ഷിക്കുന്നുണ്ട് ഈ ചരിത്ര പഠന കൂട്ടായ്മ.
കവ്വായിപ്പുഴയുടെ നീർത്തട പ്രദേശമൊട്ടാകെ മൂവായിരം വർഷം മുമ്പുതന്നെ ഒരു ജനവാസ മേഖലയായിരുന്നുവെന്നതിന് തെളിവാണ് വിവിധ പ്രദേശത്ത് കാണപ്പെടുന്ന മഹാശിലാ സ്മാരകങ്ങൾ എന്നും വൈപ്പിരിയം താഴെ ക്കുറുന്തിൽ പ്രദേശത്തു തന്നെ ധാരാളം സ്മാരകങ്ങൾ മുമ്പേ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ചിതം ചെയർമാൻ ഡോ . ഇ ഉണ്ണികൃഷ്ണൻ പറഞ്ഞു . മൂഷകവംശരാജാവായ വലഭൻ ഭടസ്ഥലിയിലെ രാജാവിനെ യുദ്ധത്തിൽ തോല്പിച്ചതായി അതുലൻ്റെ മൂഷകവംശം കാവ്യത്തിൽ പരാമർശിക്കുന്നുണ്ട് . ഇത് വൈപ്പിരിയത്തിനടുത്ത വടശ്ശേരിയാണെന്നും പടച്ചേരി എന്നായിരുന്നു മുമ്പ് ഈ നാടിന് പേര് എന്നും ചരിത്രപണ്ഡിതനായ ചിറക്കൽ ടി.ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
വൈപ്പിരിയം വളവിലെ പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള ഈ സ്ഥലം ഒരു പാർക്ക് ആക്കി മാറ്റാൻ പഞ്ചായത്ത് മുമ്പ് ശ്രമിച്ചിരുന്നുവെങ്കിലും പി. ഡബ്ള്യൂ ഡി യുടെ അനുവാദം ലഭിച്ചില്ല .
കരിവെള്ളൂരിലെ ചെമ്പോട്ടിക്കുന്നിൽ കണ്ടെത്തിയ കുടക്കല്ലുകൾ അടുത്തകാലത്ത് കേരളപുരാതത്വ വകുപ്പ് പുനരുദ്ധരിച്ചിരുന്നു . അതുപോലെ റോഡരികിലെ ഈ അപൂർവ സ്മാരകത്തെ ആർക്കിയോളജി വകുപ്പിൻ്റെ സഹായത്തോടെ സംരക്ഷിച്ച് ഹെറിറ്റേജ് പാർക്കായി നിലനിർത്തണമെന്ന് സ്ഥലം സന്ദർശിച്ച ചിതം ഭാരവാഹികളായ സി ദിവാകരൻ , പി. മുരളീധരൻ എന്നിവർ പറഞ്ഞു.







