മദ്യലഹരിയിൽ എസ്ഐ ഓടിച്ച കാറിടിച്ച് അപകടം; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്ക്

Screenshot
കണ്ണൂർ: ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേരെ ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോകാൻ ശ്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രജിത്തിനെയാണ് (42) കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. മുൻപും മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ പരാതികൾ ഉണ്ടായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 21-ന് കണ്ണൂർ – തലശ്ശേരി ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചായിരുന്നു അപകടം. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയും പാർട്ട് ടൈം ജീവനക്കാരിയുമായ സ്വാതി (25), വഴിയാത്രക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് നിയന്ത്രണം വിട്ട കാർ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വാതിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ മൂന്നുപേരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാരെ ഇടിച്ചിട്ട ശേഷവും വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോകാനാണ് എസ്ഐ ശ്രമിച്ചത്. അപകടം കണ്ട് ഓടിക്കൂടിയ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പിന്തുടർന്നാണ് കുറച്ചുദൂരത്തിന് ശേഷം വാഹനം തടഞ്ഞുനിർത്തി ഇയാളെ പിടികൂടിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നും കാലുറപ്പിച്ചു നിൽക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നുവെന്നും പരിക്കേറ്റ സ്കൂട്ടർ യാത്രിക സ്വാതി പറഞ്ഞു. ഗുരുതര കൃത്യവിലോപവും നിയമലംഘനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ നടപടി.







