ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. പൂവം കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബോബി എണ്ണച്ചേരി അധ്യക്ഷത വഹിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യബന്ധനം ഉപജീവനമാര്‍ഗമായി ആശ്രയിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒരു ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിലെ പൂവം കടവില്‍ നിക്ഷേപിച്ചത്. ശുദ്ധജല ജലാശയങ്ങളില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയും ഉപ്പുവെള്ള ജലാശയങ്ങളില്‍ കരിമീന്‍, ചെമ്മീന്‍ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്. 10 ലക്ഷം രൂപയുടെ മത്സ്യവിത്തുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. ജുഗ്നു പദ്ധതി വിശദീകരിച്ചു. പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ പ്രദീപന്, പി രവീന്ദ്രന്, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.







