‘ദാസിൻ്റെ ലോകം’: ഐ. വി. ദാസ് അനുസ്മരണ സെമിനാറും വായന പക്ഷാചരണ സമാപനവും

Screenshot
തലശ്ശേരി: വായനപക്ഷാചരണത്തിൻ്റെ ജില്ലാതല സമാപനത്തിൻ്റെ ഭാഗമായി തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ‘ദാസിൻ്റെ ലോകം’ എന്ന പേരിൽ ഐ.വി. ദാസ് അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ ഓടക്കുഴൽ പുരസ്കാര ജേതാവ് ഇ.പി. രാജഗോപാലൻ, കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ ദാസൻ മാസ്റ്ററുടെ വിവിധ മേഖലകളിലെ സംഭാവനകളെക്കുറിച്ച് വിഷയാവതരണം നടത്തി. ചടങ്ങിൽ വെച്ച്, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ മദ്ധ്യവേനലവധിക്കാലത്ത് ‘മനസ്സ് നിറയെ വായിക്കാം വിമാനത്തിൽ പറക്കാം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച വായന ചലഞ്ചിൽ മികച്ച പ്രവർത്തനം നടത്തിയ താലൂക്കിലെ 20 വായനശാലകൾക്കുള്ള അനുമോദനം എം. മുകുന്ദൻ നിർവ്വഹിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി. കരുണാകരൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ. സുധ അഴിക്കോടൻ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ സ്വാഗതവും തലശ്ശേരി താലൂക്ക് സെക്രട്ടറി അഡ്വ. വി. പ്രദീപൻ നന്ദിയും പറഞ്ഞു.







