ടൂറിസ്റ്റ് ബസ് ഡ്രൈവർ എം.ഡി.എം.എയുമായി പിടിയിൽ

Screenshot
ഇരിട്ടി: ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവറിൽ നിന്ന് എം.ഡി.എം.എ പിടികൂടി. പടിയൂർ സ്വദേശി തോമ്പുന്നയിൽ ഡെന്നി എബ്രഹാമിനെയാണ് (39) ഇരിട്ടി പോലീസ് പിടികൂടിയത്. കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.
സംഭവം ഇങ്ങനെ:
ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ‘ആര്യ ട്രാവൽസ്’ ബസ് കൂട്ടുപുഴയിൽ വെച്ച് പോലീസ് പരിശോധിക്കുകയായിരുന്നു. ബസിന്റെ ബർത്തിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ ഡെന്നി എബ്രഹാമിന്റെ കൈവശം 9 ഗ്രാം എം.ഡി.എം.എ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായി കൊണ്ടുവരികയായിരുന്നുവെന്ന് ഇരിട്ടി പോലീസ് പറഞ്ഞു.
ഇരിട്ടി എസ്.ഐ. എൻ. വിപിൻ, എസ്.ഐ. ശ്രീനാഥ്, എ.എസ്.ഐ. സാരംഗ്, കണ്ണൂർ റൂറൽ ലഹരി വിരുദ്ധ സ്ക്വാഡിലെ പ്രിയേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.







