മുതിർന്ന സി പി ഐ എം നേതാവ് പോത്തൻ ബാലൻ അന്തരിച്ചു

Screenshot
പിണറായി: മുതിർന്ന സി പി ഐ എം നേതാവും പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ പോത്തൻ ബാലൻ അന്തരിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ധർമടം മണ്ഡലം പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, അവിഭക്ത കൂത്തുപറമ്പ് ഏരിയയിലും പിണറായി ഏരിയയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് കോയിലോട് ശ്മശാനത്തിൽ നടക്കും.
കമ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന വേങ്ങാടും പരിസര പ്രദേശങ്ങളും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു പോത്തൻ ബാലൻ. സി പി ഐ എം പിണറായി ഏരിയ സെക്രട്ടറിയായും കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റായും ചുമതല വഹിച്ചു.
ചെത്തുതൊഴിലാളി യൂണിയൻ കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപകരിൽ ഒരാളാണ്.
ഭാര്യ: പത്മിനി. മക്കൾ: പി രമേശൻ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് സെക്രട്ടറി, സി പി ഐ എം വേങ്ങാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), പി ദിനേശൻ (കുവൈത്ത്), പരേതനായ സുരേഷ്. മരുമക്കൾ: ബിന്ദു, രഞ്ജിനി (മട്ടന്നൂർ ട്രഷറി), ലിന്റ.







