മസ്കത്തിൽ ദാരുണാന്ത്യം: കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരി മരിച്ചു

Screenshot
മസ്കത്ത്: ഒമാനിലെ മസ്കത്തിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലിക ദാരുണമായി മരിച്ചു. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ദിവ്യയുടെയും മകൾ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം.
മസ്കത്തിലെ റുസൈൽ മവേലയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രദീപ്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്തെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ അമ്മ ദിവ്യ പോയ സമയത്താണ് അപകടം നടന്നത്. ഉറക്കമുണർന്ന കുട്ടി അമ്മയെ കാണാത്തതിനെത്തുടർന്ന് ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. ബെഡിന് തൊട്ടടുത്തായിരുന്നു ജനലുണ്ടായിരുന്നത്.
അടുത്തിടെയാണ് ദിവ്യയും ദക്ഷയും സന്ദർശന വിസയിൽ ഒമാനിലെത്തിയത്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്കത്ത് കെ.എം.സി.സി റുസൈൽ ഏരിയ കെയർ വിങ് ഭാരവാഹികൾ അറിയിച്ചു.










