കുറ്റ്യാട്ടൂരിൽ ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതി; മൂന്നാമത്തെ റോഡിന്റെ കുറ്റിയടി നടന്നു

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കരുതൽ പദ്ധതിയായ ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതിയിൽ മൂന്നാമത്തെ റോഡിന്റെ കുറ്റിയടി കർമ്മം നടന്നു. വാർഡ് ഒമ്പതിലെ കോമക്കരി പുതുക്കുളങ്ങരയിലുള്ള പട്ടികജാതി കുടുംബമായ രാമകൃഷ്ണൻ – പ്രേമ ദമ്പതികൾക്കാണ് ഇതിലൂടെ വീട്ടിലേക്ക് ഒരു ചെറുവാഹനം എത്താനുള്ള വഴിയൊരുങ്ങിയത്.
റോഡ് നിർമ്മാണത്തിനായി സ്വന്തം ഭൂമി വിട്ടുനൽകിയ പുതുക്കുളങ്ങരയിലെ ദിനേശ് ബാബു, കമ്പിൽ സ്വദേശി അജിത്ത് എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. കോമള, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. പങ്കജാക്ഷൻ, പഞ്ചായത്തംഗങ്ങളായ എം. ഇന്ദിര, ലതിക വി., കെ. അച്ചുതൻ, വി.സി. ജയപ്രകാശൻ, സി.കെ. പ്രദീപൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു എന്നിവരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.







