September 16, 2025

ഷാജൻ സ്‌കറിയയെ മർദിച്ച കേസിൽ നാല് ഡിവൈഎഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ; പിടികൂടിയത് ബെംഗളൂരുവിൽനിന്ന്

img_1154.jpg

തൊടുപുഴ: കാർ തടഞ്ഞുനിർത്തി യുട്യൂബർ ഷാജൻ സ്‌കറിയയെ മർദിച്ച കേസിൽ നാല് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബെംഗളൂരുവിൽനിന്ന് പിടികൂടി. ഡിവൈഎഫ്‌ഐ മുൻ ഭാരാവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെടെയുള്ളവരെയാണ് തൊടുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒരുപ്രതി കൂടിയുണ്ട്.

ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് കേസിന് ആസ്പദമായ സംഭവം. ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിനായി തൊടുപുഴയിലെത്തിയ ഷാജനെ, കറുത്ത ജീപ്പിലെത്തിയ അഞ്ചുപേർ മങ്ങാട്ടുകവലയിൽവെച്ച് മർദിച്ചു. ആദ്യം ഷാജൻ സഞ്ചരിച്ചിരുന്ന കാറിൽ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിർത്തിയപ്പോൾ വാതിൽ തുറന്ന് മൂക്കിലും നെഞ്ചിലുമൊക്കെ ഇടിക്കുകയായിരുന്നു.

പോലീസ് അന്നുതന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ മറ്റൊരു കാറിലാണ് ബെംഗളൂരുവിലേക്ക് പോയത്. ഇതിൽ ഒരാൾ ഇടയ്ക്ക് ഫോൺ ഓണാക്കിയതോടെ പ്രതികൾ എവിടെയുണ്ടെന്ന് പോലീസിന് മനസ്സിലായി. സിഐ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ബെംഗളൂരുവിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് സംഘം പ്രതികളുമായി തൊടുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തൊടുപുഴ ഡിവൈഎസ് പി.കെ. സാബു അറിയിച്ചു. പ്രതികൾ എത്തിയ കറുത്ത ജീപ്പും കണ്ടെത്തേണ്ടതുണ്ട്.

മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്നരീതിയിൽ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ചാണ് ഷാജനെ പ്രതികൾ മർദിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഷാജൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്ന് സംശയിക്കുന്നതായും ഷാജൻ സ്‌കറിയ പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger