ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദൻ എന്ന ആന ഇടഞ്ഞത്. മാർച്ച് മുതൽ ആന മദപ്പാടിലായിരുന്നു.
മദ കാലം കഴിഞ്ഞതോടെ ഒരു മാസം മുൻപേ ആനയെ അഴിക്കാമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് ഇന്നലെയാണ് ആനയെ അഴിച്ചത്. ആനയെ നടത്തുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു. പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് വലിച്ച് താഴെയിടുകയും ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സുനിൽ കുമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.