താമരശ്ശേരി ചുരം ഗതാഗതയോഗ്യം; 26 മണിക്കൂര്‍ നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി, നിയന്ത്രണം ഇന്ന് കൂടി തുടരും
കൽപ്പറ്റ:
26 മണിക്കൂർ നീണ്ടുനിന്ന തടസ്സങ്ങൾക്കൊടുവിൽ താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി 8.45ഓടെയാണ് വാഹനങ്ങൾക്ക് ചുരം വഴിയുള്ള യാത്ര അനുവദിച്ചത്.
ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിലും പാറ വീഴ്ചയും മൂലമാണ് ഗതാഗതം തടസ്സപ്പെട്ടത്. റോഡിലേക്ക് പതിച്ച മണ്ണും പാറയും ഫയർഫോഴ്‌സ്, ദേശീയപാത അതോറിറ്റി, വനംവകുപ്പ് എന്നിവർ ചേർന്ന് നീക്കം ചെയ്തു. തുടർന്ന് വെള്ളം ഒഴിച്ച് റോഡ് വൃത്തിയാക്കി.
ആദ്യം വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളെയാണ് അടിവാരത്തേക്ക് കടത്തിവിട്ടത്. കുടുങ്ങിയിരുന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അവസരം നൽകും. എന്നാൽ എല്ലാ വാഹനങ്ങളും കടന്നശേഷം ഇന്ന് രാത്രി വീണ്ടും ചുരം അടയ്ക്കും. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമേ നാളെ (ബുധൻ) സാധാരണ ഗതാഗതം അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് വീണ്ടും ചെറിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണെങ്കിലും, അപകട സാധ്യത ഒഴിവാക്കാൻ ഫയർഫോഴ്‌സ് വെള്ളം അടിച്ച് അടർന്നുനിൽക്കുന്ന പാറകളും മണ്ണും താഴേക്കെത്തിച്ചു.
വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും മലമുകളിൽ സ്ഥിതി വിലയിരുത്തി.
തടസ്സം നീണ്ടുനിന്നതിനിടെ, അടിയന്തര ആവശ്യങ്ങൾക്കുള്ള ആംബുലൻസ് പോലുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. മറ്റുള്ളവ കുറ്റ്യാടി ചുരം വഴിയാണ് യാത്ര ചെയ്തത്.
➡️ സുരക്ഷാ പരിശോധനയ്ക്ക് ശേഷം നാളെ മുതൽ സാധാരണ ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ.
