നാടിന്‍റെ അഭിമാനമായി വിദ്യാര്‍ത്ഥി, രക്ഷിച്ചത് മൂന്ന് കുട്ടികളെ, സിപിആറും നൽകി; സ്കൂളിൽ നിന്ന് കിട്ടിയ പരിശീലനമെന്ന് ഷാമിൽ

മലപ്പുറം: കുളത്തില്‍ മുങ്ങിതാഴ്ന്ന മൂന്ന് കുട്ടികളെ രക്ഷിച്ച് നാടിന്റെ അഭിമാനമായി പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഷാമില്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അയല്‍ വീട്ടില്‍ സല്‍ക്കാര ചടങ്ങിനെത്തിയ പെണ്‍കുട്ടികളിലൊരാള്‍ കുളിക്കുന്നതിനിടെ കുളത്തിലെ ആഴത്തിലേക്ക് വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും മുങ്ങി. ഈ സമയം അതുവഴി വന്ന ആശാവര്‍ക്കര്‍ പള്ളിയാല്‍തൊടി ഹഫ്സത്ത് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയല്‍ വീട്ടിലെ മുഹമ്മദ് ഷാമിലും പിതാവും സഹോദരനും സംഭവസ്ഥലത്ത് എത്തിയത്.
ഷാമില്‍ ഉടനെ കുളത്തിലേക്ക് ചാടി മൂവരേയും കരക്കെത്തിച്ചു. അവശയായ ഒരു കുട്ടിക്ക് സിപിആര്‍ നല്‍കിയതും ഷാമില്‍ തന്നെ. വെള്ളില പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാത്ഥിയായ ഷാമില്‍ ചാളക്കത്തൊടി അഷ്‌റഫിന്റെയും മങ്കട 19-ാം വാര്‍ഡ് വനിത ലീഗ് വൈസ് പ്രസിഡന്റ് ഷാഹിദയുടെയും രണ്ടാമത്തെ മകനാണ്. സ്‌കൂളില്‍ നിന്ന് ലഭിച്ച പരിശിലനം ആണ് സിപിആര്‍ നല്‍കാന്‍ തന്നെ സഹായിച്ചതെന്ന് ഷാമില്‍ പറയുന്നു.