അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി, പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽഎം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. തിരുവനന്തപുരം എ.ആർ. ക്യാമ്പിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.എൻ.എസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീക്കെതിരെ ലൈംഗികച്ചുവയോടും അധിക്ഷേപത്തോടെയുമുള്ള പരാമർശം നടത്തിയെന്നാണ് പുതുതായി ചുമത്തിയ കുറ്റം. രാത്രി തന്നെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാഹുലിനെ സൈബർ പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കും. നാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ, യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തന്‍റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി. ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വർക്കെതിരായ ആക്ഷേപം.
