പത്ത് മീറ്റർ അകലെ പഴശ്ശി ജലാശയം വെള്ളമില്ലാതെ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം സമരത്തിനൊരുങ്ങി ബസ് തൊഴിലാളികൾ

ഇരിട്ടി: വെറും പത്ത് മീറ്റർ മാത്രം അകലത്തിൽ പഴശ്ശി ജലാശയം. ഏതു കടുത്ത വേനലിലും ജലസമൃദ്ധമായ പ്രദേശം. എന്നാൽ പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ വെള്ളമില്ലാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഇതോടെ ബസ് ജീവനക്കാരും യാത്രക്കാരും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കടുത്ത ദുരിതത്തിലായി. ഒടുവിൽ പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു.
നിലവിലുള്ള ശൗചാലയം നവീകരിക്കുന്നതിനായി അടച്ചിട്ടിട്ട് മാസങ്ങളായി. ഇതോടെ രണ്ടാം നിലയിൽ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. എന്നാൽ സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവർക്ക് രണ്ടാം നിലയിലെ ശൗചാലയത്തിലെത്തുക ഏറെ പ്രയാസകരമാണ്. ഇതിനിടെയാണ് ഇവിടെയും വെള്ളമില്ലാത്ത സ്ഥിതി ഉടലെടുത്തത്. മോട്ടോർ തകരാറിലായതിനെ തുടർന്നാണ് ഒരാഴ്ചയായി വെള്ളം എത്തിക്കാൻ കഴിയാത്തത് എന്നാണ് പറയുന്നത്. സ്ത്രീകളുടെ ശൗചാലയത്തിൽ രാവിലെ ബാരലുകളിൽ വെള്ളം എത്തിച്ച് നിറയ്ക്കാറുണ്ടെങ്കിലും വെള്ളം ഉച്ചയോടെ തീരുന്ന സ്ഥിതിയാണ്.
അന്തർസംസ്ഥാന പാതയിൽ കർണ്ണാടകത്തിലേക്ക് പോകുന്നവർക്കും കർണ്ണാടകത്തിൽ നിന്നും വരുന്നവർക്കുമുള്ള പ്രധാന താവളവും ബസ് സ്റ്റാൻഡുമാണ് ഇരിട്ടി. ഇരിട്ടിയിൽ നിന്നും മൈസൂർ, ബാംഗ്ളൂർ തുടങ്ങിയ നഗരങ്ങളിലേക്ക് മാത്രമല്ല കേരളത്തിലെ വയനാട്,കാസർകോഡ്, കോഴിക്കോട് മുതൽ തിരുവനതപുരം വരെയുള്ള എല്ലാ ജില്ലകളിലേക്കും ഇവിടെ നിന്നും ബസ്സുകൾ സർവീസ് നടത്തുന്നു. ഇത്രമാത്രം പ്രാധാന്യ മുള്ള ഇരിട്ടിനഗരത്തിലും ബസ് സ്റ്റാന്റിലും ഇതിനാവശ്യമായ ശൗചാലയം ഇല്ല എന്നത് തന്നെ ഇവിടുത്തെ ഭരണകർത്താക്കളുടെ പിടിപ്പുകേട് മാത്രമാണെന്ന് പറയേണ്ടി വരും.
ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിക്കുന്ന ശൗചാലയത്തിന്റെ പ്രവൃത്തികളും നിലവിൽ നിലച്ച മട്ടിലാണ്. ഇതോടെയാണ് ബസ് തൊഴിലാളികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയ്ക്കും കരാറുകാരനുമെതിരെ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ബസ് സ്റ്റാൻഡിൽ പ്രതിഷേധ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
അധികൃതർ അടിയന്തരമായി ഇടപെട്ട് ശൗചാലയത്തിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും മോട്ടോർ അറ്റകുറ്റപ്പണി നടത്തി വെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.







