കണ്ണൂർ ചാലയിൽ ലോഡ്ജിൽ റെയ്ഡ്; യുവതിയും പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേർ മയക്കുമരുന്നുമായി പിടിയിൽ

Screenshot
കണ്ണൂർ: ചാലയിലെ ഒരു ലോഡ്ജിൽ എടക്കാട് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 15.965 ഗ്രാം എം.ഡി.എം.എ.-യുമായി യുവതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേർ പിടിയിലായി.
ഇരിവേരി പാനേരിച്ചാൽ സ്വദേശി കെ.കെ. സഹീദ് (38), കാടാച്ചിറ കോട്ടൂർ സ്വദേശി എ.കെ. ഷമീൽ (38), ഏഴര സ്വദേശി ടി.പി. ഷിഫാദ് (30), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.പി. സഞ്ജീത് (22), മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹുൽ (24), എറണാകുളം വൈറ്റില സ്വദേശിനി എം. ഐശ്വര്യ (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയുമാണ് എടക്കാട് പോലീസ് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്ന് മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഗ്ലാസ് കുഴലുകളും പോലീസ് കണ്ടെടുത്തു.
ലോഡ്ജിൽ നടത്തിയ റെയ്ഡിന് പിന്നാലെ, ഒന്നാം പ്രതിയായ സഹീദിന്റെ ഇരിവേരിയിലുള്ള വീട്ടിൽ ചക്കരക്കല്ല് പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.995 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെടുത്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കണ്ണൂർ എ.സി.പി. എം.പി. ആസാദ് എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐ. കെ. നിഷാദ്, സി.പി.ഒ.മാരായ പ്രത്യുഷ്, കെ.വി. നിതിൻ, സുഗിഷ, ബിജിൽ എന്നിവരും, ഡാൻസാഫ് സ്ക്വാഡ് എസ്.ഐ. ഷജീമിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ അഷ്റഫ്, പ്രബീഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





