മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ്

കണ്ണൂർ ചിറ്റാരിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അസം സ്വദേശി റഫീജുൽ ആണ് ഭാര്യ സജദ ഖാത്തൂനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ പ്രതി കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ചൊവ്വാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാത്രിയിൽ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. ചിറ്റാരിപ്പറമ്പിൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു റഫീജുൽ. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളും അസ്വാരസ്യങ്ങളും നിലനിന്നിരുന്നതായി അയൽവാസികൾ വ്യക്തമാക്കി. ഭാര്യയുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
കൊല്ലപ്പെട്ട സജദ ഖാത്തൂന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനും അസമിൽ നിന്ന് ബന്ധുക്കൾ എത്തിയതിനും ശേഷമേ മൃതദേഹം വിട്ടുനൽകൂ. ദമ്പതികൾക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്.







