ധനരാജ് വധക്കേസിൽ വിധി നവംബർ 25ന്

Screenshot
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം. പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25-ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ അന്തിമ വാദം പൂർത്തിയായി. ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരായ 20 പേരാണ് കേസിലെ പ്രതികൾ. കണ്ണൂർ ജില്ലയെ ഏറെക്കാലം സംഘർഷഭരിതമാക്കിയ രാഷ്ട്രീയ കൊലപാതക പരമ്പരയിലെ പ്രധാന കേസുകളിലൊന്നാണിത്. സംഭവം നടന്ന് പത്തുവർഷവും നാല് മാസവും പിന്നിടുമ്പോഴാണ് നിർണ്ണായക വിധി വരുന്നത്.
2016 ജൂലൈ 11-ന് രാത്രി പത്തോടെയായിരുന്നു സംഭവം. രാമന്തളി കുന്നരുവിലെ വീട്ടുമുറ്റത്തുവെച്ചാണ് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ധനരാജ് (38) ആക്രമിക്കപ്പെട്ടത്. അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വെച്ചാണ് അക്രമികൾ അദ്ദേഹത്തെ വെട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ ധനരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ധനരാജിന്റെ അമ്മ സി.വി. മാധവി, ഭാര്യ സജിനി എന്നിവരുൾപ്പെടെയുള്ള പ്രധാന സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം, അർധരാത്രിയോടെ അന്നൂരിൽ ബി.എം.എസ്. പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ സി.കെ. രാമചന്ദ്രൻ (52) കൊല്ലപ്പെട്ടതും വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വീട്ടിലേക്ക് നാടൻബോംബ് എറിഞ്ഞ ശേഷമായിരുന്നു രാമചന്ദ്രന് നേരെ ആക്രമണമുണ്ടായത്. ഇരു കേസുകളിലുമായി ഇരുപക്ഷത്തുനിന്നുമായി നിരവധി പേർ പ്രതിപ്പട്ടികയിലുണ്ട്.







