പെരുങ്കളിയാട്ടം ബ്രോഷർ – “കാളിക” കവർ പ്രകാശനം നടന്നു.

പയ്യന്നൂർ:ഇരുപത് വർഷങ്ങൾക്ക് ശേഷം 2027 ജനുവരി 10 മുതൽ 13 വരെ നടക്കുന്ന എടാട്ട് എടനാട് ശ്രീ തിരുവർക്കാട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ബ്രോഷറിൻ്റെ കവർ പ്രകാശനം സംഘാടക സമിതി ഓഫീസിൽ നടന്നു.പ്രശസ്ത നാടക-സിനിമാനടൻ ബാബു അന്നൂർ ബ്രോഷർ കവറിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.പ്രസിദ്ധ നർത്തകിയും ലാസ്യ സ്കൂൾ ഓഫ് മ്യൂസിക് ആൻ്റ് ഡാൻസിൻ്റെ സ്ഥാപകയും പ്രിൻസിപ്പലുമായ ഡോ.കലാമണ്ഡലം ലത ഏറ്റുവാങ്ങി.ബ്രോഷർ കമ്മിറ്റി കൺവീനർ ഡോ.അജിത്ത് കുമാർ പുത്തലത്ത് സ്വാഗതം പറഞ്ഞു. ചെയർമാൻ കാവിലെ വളപ്പിൽ രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കാളിക എന്ന പേര് ബ്രോഷറിന് നൽകിക്കൊണ്ടുള്ള പ്രഖ്യാപനം സംഘാടക സമിതി ജനറൽ കൺവീനർ വിജയൻ അടുക്കാടൻ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ തെക്കടവൻ ജനാർദ്ദനൻ, ബ്രോഷർ കമ്മിറ്റി വൈസ് ചെയർമാൻ പ്രദീപൻ കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ അന്നപ്രസാദ നിധിയിലേക്ക് നൈത്തലത്ത് നാരായണൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മക്കൾ നൽകുന്ന സംഭാവന സംഘാടക സമിതി ചെയർമാൻ,ക്ഷേത്രം കാരണവൻമാർ, ആചാരക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ബ്രോഷർ കമ്മിറ്റി ജോയിൻ്റ് കൺവീനർ പ്രൊഫ.വൈ.വി.സുകുമാരൻ നന്ദിയും പറഞ്ഞു.







