44-ാം മൈല്‍ ചുരമില്ലാ പാത: വനം വകുപ്പിന്റെ അനുമതിക്കായി ഒറ്റക്കെട്ടായ ശ്രമമുണ്ടാവണം- മന്ത്രി അഡ്വ സണ്ണി ജോസഫ്

മുഖ്യമന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും കാര്യങ്ങള്‍ ധരിപ്പിക്കും
കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍- അമ്പായത്തോട്-തലപ്പുഴ 44ാം മൈല്‍ ചുരമില്ലാപാത യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ് പറഞ്ഞു. 44ാംമൈല്‍ ചുരംരഹിത റോഡ് സംബന്ധിച്ച് കൊട്ടിയൂരില്‍ വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ റോഡിനായി നേരത്തേ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ പാതയുടെ ആവശ്യം വലിയ തോതില്‍ വര്ധിച്ചുവന്നിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ വയനാട്ടിലേക്കുള്ള പാതകളായ പാല്‍ചുരം റോഡിലും നെടുമ്പൊയില്‍- പേരിയ ചുരം റോഡിലും മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ സാധാരണമാണ്. പാല്‍ചുരം പാത നവീകരണത്തിന് അനുമതിയായിട്ടുണ്ടെങ്കിലും അതിന്റെ വീതികൂട്ടുക സാധ്യമല്ലാത്തതിനാല്‍ ഇതുവഴി സുഗമമായ ഗതാഗതം അസാധ്യമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് 44-ാം മൈല്‍ ചുരമില്ലാ പാതയുടെ പ്രാധാന്യം വര്‍ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനം നിയമത്തിന്റെ ഭാഗമായി പദ്ധതി പ്രദേശം വൈല്‍ഡ്ലൈഫ് സാങ്ച്വറിയായി മാറിയ സാഹചര്യത്തില്‍ ഡ്രോണ്‍ സര്‍വ്വെ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ക്ക് പോലുംം വനം വകുപ്പിന്റെ അനുമതി വേണമെന്ന സ്ഥിതിയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയെന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. ഇതിന് നടപടിക്രമങ്ങള്‍ ഏറെയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് യാഥാര്‍ഥ്യമാക്കാനാവില്ല. കേന്ദ്ര അനുമതിക്കായി ജില്ലയിലെ ലോകസഭാ, രാജ്യസഭാ എംപിമാരുള്‍പ്പെടെയുള്ളവരുടെ പിന്തുണയും ഇടപെടലും ആവശ്യമാണ്.
റോഡിനായി വിട്ടുനല്‍കുന്ന വനഭൂമിക്ക് പകരമായി ആവശ്യമായത്ര ഭൂമിനല്കാന് തയ്യാറാണ്. ഇക്കാര്യം കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തെ ധരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി കക്ഷിരാഷീയ ഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി വിഡി സതീശന്, വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരെ നേരിട്ട് കണ്ട് നിവേദനം നല്‍കാനും കാര്യങ്ങള്‍ ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.
മാനന്തവാടി എം എല്‍ എ ഉഷ വിജയന്, പേരാവൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ഇന്ദിര ശ്രീധരന് , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമന്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വര്‍ഗ്ഗീസ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എം ജി ബിജു,കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രസ്യ പോള്‍, ജില്ലാ പഞ്ചായത്ത് അംഗം ജയ്സന് കാരക്കാട്ട്, കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയ് നമ്പുടാകം, മുന്‍ കാപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് കുട്ടി മുക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.







