അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകളിൽ മിന്നൽ പരിശോധന. 42,000 രൂപ പിഴ ചുമത്തി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാട്യം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിൽ ഉപേക്ഷ കാട്ടിയതിന് നാല് കോർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 42,000 രൂപ പിഴ ചുമത്തി. കാര്യാട്ടുപുറം ടൗണിലെ ഇബ്രാഹിമിൻ്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലെ ശൗചാലയ ടാങ്ക് നിറഞ്ഞ് മലിന ജലം തുറസായ സ്ഥലത്തേക്ക് പരന്നൊഴുകിയ നിലയിലായിരുന്നു. ക്വാർട്ടേഴ്‌സിൻ്റെ പിറക് വശം മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനായി നൽകിയ റിംഗ് കമ്പോസ്റ്റുകളിൽ നിറയെ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി നിക്ഷേപിച്ച നിലയിലായിരുന്നു.കെട്ടിടത്തിന്റെ ഒരു ഭാഗത്തായി റോഡിൽനിന്ന് കാണുന്ന വിധത്തിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടിവലിച്ചെറിഞ്ഞത് കണ്ടാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. പഞ്ചായത്തീരാജ് ആക്ടിറ്റിലെ വിവിധ സെക്ഷനുകൾ അനുസരിച്ച് മുപ്പതിനായിരം രൂപ പിഴച്ചുമത്തി തുടർനടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് നിർദ്ദേശം നൽകി. മനോഹരൻ എന്ന ആളുടെ
ഉടമസ്ഥതയിലുളള ക്വാർട്ടേഴ്സിൽ മുൻവശത്തുള്ള കുഴിയിൽ ജൈവ അജൈവ മാലിന്യങ്ങൾ ചാക്കിൽ കെട്ടി നിക്ഷേപിച്ച നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.
ഇസ്‌മയിൽ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നിന്നും അജൈവമാലിന്യം പൂർണ്ണമായി ഹരിത കർമ്മ സേനയ്ക്ക് നൽകിയിരുന്നില്ല. പ്രസ്തുത കെട്ടിടത്തിന്റെ സ്റ്റെയർകേയ്സിന് ചുവട്ടിലായി തരംതിരിക്കാതെ മാലിന്യം കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് ക്വാർടേഴ്സ് ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലായി ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടനിലയിൽ കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും 5000 രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് സ്ക്വാഡ് നിർദ്ദേശം നൽകി. കാര്യാട്ടുപുറം ടൗണിൽ തന്നെയുള്ള സലീമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സ് പരിസരത്ത് ജൈവ അജൈവ മാലിന്യങ്ങൾ തുറസായ സ്ഥലത്ത് കൂട്ടിയിട്ടതായി കണ്ടെത്തി. സ്ഥലം ഉടമയ്ക്ക് പഞ്ചായത്തീരാജ് അനുസരിച്ച് ആയിരം രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിന് കാർ സോൺ എന്ന സ്ഥാപനത്തിനും ആയിരം രൂപ പിഴ ചുമത്തി.
മിക്ക സ്ഥലങ്ങളിലും അതിഥി സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ നൽകിയ മുറികളിൽ ആവശ്യമായ ശൗചാലയ സൗകര്യം ഒരുക്കിയിട്ടില്ലെന്ന് സ്ക്വാഡ് നിരീക്ഷിച്ചു. മാത്രമല്ല ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാതെ മൊത്തമായി ജൈവ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ചിട്ടുള്ള റിങ്ങ് കംപോസ്റ്റിൽ നിക്ഷേപിക്കുന്നതാണ് പതിവ്. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് സ്ക്വാഡ് നിർദ്ദേശിച്ചു. പരിശോധനയിൽ ജില്ലാ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, ഷാലിഖ് , പാട്യം ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വിഷ്ണു എന്നിവർ പങ്കെടുത്തു.







