കക്കാട് പുഴയുടെ നവീകരണ പ്രവർത്തി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നു -മേയർ

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ കക്കാട് പുഴ നവീകരണ പ്രവർത്തി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് മേയർ അഡ്വ. പി ഇന്ദിര പറഞ്ഞു. ഒരുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുഴയുടെ നാലു ഭാഗത്തും കരിങ്കല്ല് കെട്ടി കോൺക്രീറ്റ് ചെയ്തു സംരക്ഷിക്കുകയും പ്രസ്തുത സമയത്ത് ചളി നീക്കം ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ വ്യക്തികൾ കയ്യേറിയ സ്ഥലം തിരിച്ചുപിടിക്കുകയും പ്രസ്തുത പ്രദേശത്തെ ലഹരി മാഫിയ കേന്ദ്രം തകർക്കുകയും ചെയ്തത് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പ്രസ്തുത പ്രവർത്തിയാണ് തുക പാഴായി എന്ന രൂപത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുഴകളിലും നദികളിലും ചളിയും മണലും മാറ്റിയാലും കാലക്രമേണ വീണ്ടും അടിഞ്ഞുകൂടും എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. മൂന്നു കോടി രൂപയുടെ സൗന്ദര്യവൽക്കരണ പദ്ധതിയും പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ വനം വകുപ്പ് അവിടെ ബോർഡ് സ്ഥാപിക്കുകയും ഉടമസ്ഥാവകാശം ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. പ്രസ്തുത തടസ്സങ്ങൾ നീക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മേയർ പറഞ്ഞു. കക്കാട് പുഴയും പരിസരവും മേയർ സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, ശ്രീജ മഠത്തിൽ, മുഹമ്മദലി വി കെ, കൗൺസിലർമാരായ സുബൈർ കിച്ചരി, അർഷാദ് എ, കെ ടി മുർഷിദ് എന്നിവരും കൂടെയുണ്ടായിരുന്നു.
കക്കാട് പള്ളിപ്രം റോഡ് ഉയര്‍ത്തി ടാർ ചെയ്യുന്നതിനും വശങ്ങളിൽ റിഫ്ലക്ടറും കൈവരികളും സ്ഥാപിക്കുന്നതിനും സർക്കാർ സഹായം തേടുമെന്നും മേയർ പറഞ്ഞു.കോർപ്പറേഷൻ പരിധിയിലെ പിഡബ്ല്യുഡിയുടെ പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്നും റിപ്പയർ ചെയ്യാത്ത കാരണം കോർപ്പറേഷൻ ഭരണസമിതിയെ കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി, പിഡബ്ല്യുഡി എൻജിനീയർ എന്നവർക്ക് മേയർ കത്ത് നൽകി.







