അന്തിയുറങ്ങാൻവീടെന്ന സ്വപ്നം യാഥാർത്ഥ്യമായ് തെരുവിലെ കുടുംബം.

പയ്യന്നൂർ :
പുതിയ ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ കുറേ വർഷമായി തെരുവിൽ കഴിയുന്ന ദൊരൈയും പഞ്ചമിയും കുടുംബവും നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശിയുടെയും ഉദാമതികളുടെയും സഹായത്തോടെ സുരക്ഷിതമായ വീട്ടിലേക്ക് മാറി. മഴയിലും വെയിലിലും ബസ് സ്റ്റാൻഡിലെ കടവരാന്തകളിലും നിർമാണം നടക്കുന്ന കെട്ടിടങ്ങളിലുമായിരുന്നു ഇവരുടെ ജീവിതം. മക്കളെയെല്ലാം പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച് അവർക്ക് നല്ലൊരു ജീവിതം നൽകണമെന്ന സ്വപ്നവുമായി ജീവിതത്തോട് പൊരുതുന്ന കുടുംബത്തിന്റെ സ്വപ്നമായിരുന്നു ഒരു വീട് . പയ്യന്നൂരിലെ തെരുവുകളിൽ ആക്രി പെറുക്കിയും കടകൾ അടിച്ചുവാരിയും കിട്ടുന്ന വരുമാനത്തിലായിരുന്നുഇവരുടെ ജീവിതം.
നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശിയുടെ ഇടപെടലിലാണ് സുഹൃത്തുക്കളുടെയും ക്ലാപ് കൗൺസലിങ് ക്ലിനിക്കിന്റെയും പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും സഹായത്തോടെ അമ്പലത്തറയിൽ ഇവർക്കായി ഒരു താൽക്കാലിക വീട് ഒരുക്കിയത്.
കഴിഞ്ഞ ഒരു മാസമായി കുടുംബത്തിന് കൗൺസിലിങ് നൽകിവരുന്നു. റേഷൻ കാർഡ് സംബന്ധമായ പ്രശ്നത്തിലും ഇടപെടൽ നടത്തി.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ
നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, വൈസ് പേഴ്സൺപി .ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ
കുടുംബത്തെ തെരുവിൽനിന്ന് അമ്പലത്തറയിലെ വാടക വീട്ടിൽ പ്രവേശിപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ .എൻ. ബിന്ദു ചടങ്ങിൽ വെച്ച് എഎവൈ കാർഡ് കുടുംബത്തിന് കൈമാറി. വിവിധ സന്നദ്ധ സംഘടനകൾ ഭക്ഷ്യ കിറ്റുകളും വസ്ത്രങ്ങളും നൽകി. പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് വീടിൻ്റെ വാടക നൽകുന്നത്. ആദ്യ ഗഡു ഭാരവാഹികൾ ചേർന്ന് കൈമാറി. തുടർന്ന് മധുര പലഹാരങ്ങളും പായസ വിതരണവും നടന്നു.







