കണ്ണൂരിൽ വൻ ലഹരിവേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി കാട്ടാമ്പള്ളി സ്വദേശി എക്സൈസിന്റെ പിടിയിൽ


കണ്ണൂർ: ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ എക്സൈസ് നടത്തിയ വൻ ലഹരിവേട്ടയിൽ 101 ഗ്രാം മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) കാട്ടാമ്പള്ളി സ്വദേശി പിടിയിൽ. കാട്ടാമ്പള്ളി സ്വദേശി മുസമ്മിൽ എൻ.പിയെയാണ് (31) എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ്, പള്ളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, കമ്പിൽ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുസമ്മിൽ. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്നും, ഇയാൾ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ.പി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്) സുഹൈൽ പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ.വി, ഗണേഷ് ബാബു പി.വി, ഫസൽ കെ.ടി എന്നിവരും എക്സൈസ് പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ക്രൈം നമ്പർ 58/2026 ആയി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കണ്ണൂർ ജെ.എഫ്.സി.എം III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.






