നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തുടർച്ചയായ നാടകീയ സംഭവങ്ങൾക്കും കോടതിയുടെ കടുത്ത വിമർശനങ്ങൾക്കും ഒടുവിലാണ് പ്രതിയെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നിവയാണ് റാമിനെതിരെ ചുമത്തിയിരിക്കുന്നത്.
കർണാടകയിലെ കുടകിൽ നിന്ന് റാമിനെ ക്രൈംബ്രാഞ്ച് ആദ്യം പിടികൂടിയിരുന്നെങ്കിലും, അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം നൽകാത്തതിനാൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇയാളെ വിട്ടയച്ചിരുന്നു. പ്രതിയെ രക്ഷപ്പെടാൻ പഴുതൊരുക്കിയ അന്വേഷണ സംഘത്തിന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഇത് കാരണമാവുകയും ചെയ്‌തു.
തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടത്തിയ നീക്കത്തിനൊടുവിലാണ് കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.







