ഇരിട്ടി മലയോര മേഖലയിൽ കനത്ത മഴയും കാറ്റും; വ്യാപക നാശനഷ്ടം

Screenshot
ഇരിട്ടി: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും ഇരിട്ടിയുടെ മലയോര മേഖലകളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ആറളം ഫാം പുനരധിവാസ മേഖലയിൽ റോഡിനു കുറുകേ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വീരാജ്‌പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരം വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് ജലവിതാനം ഉയരുകയും പഴശ്ശി പദ്ധതിയുടെ പകുതിയോളം ഷട്ടറുകൾ തുറക്കുകയും ചെയ്തു.
ആറളം പുനരധിവാസ മേഖലയിൽ ഒൻപതാം ബ്ലോക്കിലെ കല്ലുവെട്ടാംകുഴി ഭാഗത്ത് മെയിൻ റോഡിലേക്ക് കൂറ്റൻ പ്ലാവ് കടപുഴകി വീണത് ഗതാഗതത്തെ ബാധിച്ചു. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിന്റെ സമീപത്തും മരം വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി തൂണുകളും ലൈനുകളും തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം ഏറെ നേരം തടസ്സപ്പെട്ടു. ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വീരാജ്‌പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവെ മരം പൊട്ടിവീണ് ബെട്ടോളി ഗ്രാമത്തിലെ സിന്ധു എന്ന യാത്രക്കാരിക്ക് പരിക്കേറ്റു. പരിക്ക് നിസ്സാരമായതിനാൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു, എന്നാൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു.
മലയോര മേഖലയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധങ്ങൾ തകരാറിലായി. കുടകിലെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിലും ആറളം, കൊട്ടിയൂർ വനമേഖലയിലും മഴ അതിശക്തമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







