കാറിന് മുകളിൽ മണ്ണിടിഞ്ഞുവീണു

Screenshot
മട്ടന്നൂർ: ശക്തമായ മഴയിൽ മട്ടന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ. ശിവപുരം 21-ാം മൈൽ റോഡിൽ കരൂഞ്ഞിയിൽ മണ്ണും തെങ്ങിന്റെ അടിഭാഗവും റോഡിലേക്ക് വീണു കാറിന് കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. പറമ്പിൽനിന്ന് തെങ്ങിന്റെ അടിഭാഗവും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. കാറിന്റെ മുൻവശത്താണ് കേടുപാടുണ്ടായത്. ഭാഗ്യവശാൽ കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മറ്റൊരു സംഭവത്തിൽ, കനത്ത മഴയിൽ മട്ടന്നൂർ സബ് ട്രഷറിയുടെ ചുറ്റുമതിൽ തകർന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രണ്ടുമീറ്ററോളം ഉയരമുളള മതിൽ 20 മീറ്ററോളം നീളത്തിലാണ് തകർന്നുവീണത്.






