കുടുംബ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചതിന്പള്ളിയിൽ കയറി അക്രമം മൂന്നുപേര്‍ക്ക് കുത്തേറ്റു .

Screenshot
പരിയാരം: കുടുംബ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച പള്ളി കമ്മിറ്റി ഭാരവാഹികളോടുള്ള വിരോധത്തില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ യുവാവ് പള്ളിയിലെ ഗ്ലാസും മറ്റും അടിച്ച് തകര്‍ത്ത് മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴിലോട് ബദര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുല്ല(31) യെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.45 മണിയോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലാണ് സംഭവം. കത്തിയും കത്രികയും അരിവാളുമായെത്തിയ യുവാവ് മസ്ജിദിന്റെ ജനലുകളും ഗ്ലാസ് കാബിനും അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവം കണ്ട് തടയാനുള്ള ശ്രമത്തിനിടയിലാണ് മസ്ജിദിലെ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്ക് കുത്തേറ്റത്. പരിക്കേറ്റവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ക്വാര്‍ട്ടേഴ്‌സിലെ സിസിടിവി തകര്‍ക്കുകയും ഭാര്യയേയും അയല്‍വാസികളേയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം മസ്ജിദ് കമ്മിറ്റിക്കാര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചിരുന്നു. ഈ വിരോധത്തിനാണ് പ്രതി പള്ളിക്കു നേരേയും അവിടെയുണ്ടായിരുന്നവര്‍ക്ക് നേരേയും അക്രമം നടത്തിയത്. പള്ളിയുടെ ഗ്ലാസുകള്‍ തകര്‍ത്ത പ്രതി മദ്രസയിലെ കസേരകളും മറ്റും അടിച്ച് തകര്‍ത്തിട്ടുണ്ട്. ബഹളം കേട്ട്ഓടിക്കൂടിയവരാണ്പരിയാരം പോലീസിൽ വിവരമറിയിക്കുകയും അക്രമത്തിൽ നിന്നും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







