ചൊറുക്കളയിൽ റോഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണു; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും തലനാരിഴയ്ക്ക് രക്ഷ

കുറുമാത്തൂർ: തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാതയിലെ ചൊറുക്കള പെട്രോള്‍പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുള്ള കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു. ഈ സമയം ഇതുവഴി യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മരം വീണതിനെ തുടർന്ന് സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പോലീസ്, റവന്യു-പഞ്ചായത്ത് അധികൃതര്‍, കെ.എസ്.ഇ.ബി ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെയാണ് മരം പൂർണ്ണമായും മുറിച്ചുമാറ്റിയത്. തുടർന്ന് രണ്ടുമണിക്കൂറോളം തടസ്സപ്പെട്ട വാഹനഗതാഗതം പുനഃസ്ഥാപിച്ചു.







