വികസനത്തിന് പക്ഷപാതിത്വമില്ല; എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട്: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

കണ്ണൂർ: നാടിന്റെ പൊതുവായ വികസനത്തിന് പക്ഷപാതിത്വമോ, രാഷ്ട്രീയ-പ്രാദേശിക വിവേചനങ്ങളോ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകാനാണ് യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹത്തിന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാഫഖി തങ്ങൾ സൗധത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ മന്ത്രിക്ക് ഹാരമണിയിച്ച് സ്വീകരണം നൽകി. നേരത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ ജനപ്രതിനിധികളും ലീഗ് ജില്ലാ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, വിവിധ മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.







