രാമന്തളിയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം: രണ്ട് സ്ഥാപനങ്ങൾക്ക് 20,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്

രാമന്തളി: രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഏഴിമല ആയുർവേദ വെൽനെസ്സ് റിസോർട്ടിന് 15,000 രൂപയും കാക്കോപ്രവൺ രാമൻ എൻക്ലേവിന് 5,000 രൂപയുമാണ് പിഴ ചുമത്തിയത്.
ഏഴിമല ആയുർവേദ വെൽനെസ്സ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ, ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, അലൂമിനിയം ഫോയിലുകൾ, പേപ്പറുകൾ, ഡയപ്പറുകൾ എന്നിവ വലിയ കുഴികളിലും അല്ലാതെയും നിക്ഷേപിച്ച് കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനാണ് റിസോർട്ടിനെതിരെ നടപടി. കാക്കോപ്രവൺ രാമൻ എൻക്ലേവിൽ കെട്ടിടത്തിന് പിന്നിലുള്ള കോൺക്രീറ്റ് ടാങ്കിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഉടമയിൽ നിന്ന് പിഴ ഈടാക്കിയത്. സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ., രാമന്തളി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അജിനാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.







